കോഴിക്കോട് :സിപിഎം ലോക്കൽ സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ (Koyilandy CPM leader murder case) പ്രതി അഭിലാഷിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തും. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു. കൊലപാതകം നടപ്പിലാക്കിയതിന്‍റെ രീതി അഭിലാഷ് കഴിഞ്ഞ ദിവസം പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ, ബാഹ്യഇടപെടലോ ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് വിശദമായി അറിയേണ്ടതുണ്ട്.
ഒപ്പം മറ്റാരോടെങ്കിലും അഭിലാഷിന് പകയുണ്ടായിരുന്നോ എന്ന കാര്യവും പൊലീസിന് മനസിലാക്കേണ്ടതുണ്ട്. വ്യാഴാഴ്‌ച (ഫെബ്രുവരി 22) രാത്രി 10 മണിയോടെയാണ് സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥനെ മുൻ പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷ് വെട്ടിക്കൊലപ്പെടുത്തിയത്. മുത്താമ്പി ചെറിയപ്പുറം പരദേവത ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെയാണ് സംഭവം.