മുണ്ടകത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ഇടിവി ഭാരതിനോട് സംസാരിച്ചപ്പോൾ (ETV Bharat) കോട്ടയം: ഒറ്റമഴ മതി മുണ്ടകം ഭാഗം മുങ്ങാൻ. നീലിമംഗലം മുണ്ടകം ഭാഗമാണ് ഒറ്റ മഴയിൽ വെള്ളത്തിലാകുന്നത്. തരിശു കിടക്കുന്ന മുണ്ടകം പാടശേഖരത്തെ വെള്ളമാണ് വീടുകളിൽ കയറുന്നത്. 200 ഓളം വീട്ടുകാരാണ് വെള്ളക്കെട്ട് മൂലം കാലങ്ങളായി ദുരിതമനുഭവിക്കുന്നത്.
മീനച്ചിലാറ്റിൽ നിന്ന് കൈതോട് വഴി മുണ്ടകം പാടത്തേക്ക് ഒഴുകിയെത്തുന്ന വെള്ളമാണ് പ്രദേശത്തെ വെള്ളത്തിലാകുന്നത്. ആറ്റിൽ ജലനിരപ്പ് അൽപം ഉയർന്നാൽ ഇവിടെ വെള്ളപ്പൊക്കമുണ്ടാകും. എംസി റോഡിന് സമീപം നീലമംഗലം പുത്തേട്ട് റോഡിലെ കലുങ്കിൽ തടസമുളളതിനാൽ വീടുകളിൽ കയറിയ വെള്ളം തിരികെ ഒഴുകി പോകാൻ നാളുകളെടുക്കുന്നു. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം മൂലം നിന്ന നിൽപ്പിൽ ക്യാമ്പുകളിലേക്ക് മാറേണ്ട അവസ്ഥയാണ് നാട്ടുകാർക്ക്.
നഗരസഭയുടെ നാലാം വാർഡായ പള്ളിപ്പുറത്തിൻ്റെ ഭാഗമാണ് മുണ്ടകവും പരിസരവും. മീനച്ചിലാറിൽ നിന്നു വെള്ളം എത്തുന്ന കലുങ്കിൽ ഷട്ടർ സ്ഥാപിച്ചാൽ പെട്ടെന്നു വെള്ളം കയറുന്നത് തടയാമെന്ന് നാട്ടുകാർ പറയുന്നു. അതേസമയം റോഡും ഉയർത്തണമെന്ന് ആവശ്യമുണ്ട്.
വെള്ളം കയറുമ്പോൾ കിണറുകളെല്ലാം അഴുക്കു നിറയും വെള്ളം കെട്ടിക്കിടന്നും പോള ചീഞ്ഞും പരിസരമാകെ ദുർഗന്ധമാണ്. മഴ ശക്തിപ്രാപിക്കുന്നതോടെ ആശങ്കയിലാണ് നാട്ടുകാർ. വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Also Read:വിനോദ സഞ്ചാരികളെ വരവേല്‍ക്കുന്നത് 'മാലിന്യക്കൂമ്പാരം'; കേരള തമിഴ്‌നാട് അതിർത്തി മേഖലയില്‍ മാലിന്യ നിക്ഷേപം രൂക്ഷം