എറണാകുളം: കോതമംഗലത്ത് കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷിച്ചു. പതിനാറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ കരയ്ക്ക് എത്തിക്കാൻ കഴിഞ്ഞത്. ജെസിബി ഉപയോഗിച്ച് കിണറിൻ്റെ ഒരു ഭാഗം ഇടിച്ച് ആനയ്ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയായിരുന്നു.
ഈ മേഖലയിൽ ശക്തമായ മഴ പെയ്യുന്നതിനിടെയാണ് ജെ സി ബി ഉപയോഗിച്ച് കിണറിൻ്റെ ഭാഗം ഇടിച്ചത്. ഇത് പൂർത്തിയാകുന്നതിന് മുമ്പ് തന്നെ കിണറിൽ നിന്നും രക്ഷപ്പെട്ട ആന ജെസിബിക്ക് നേരെ പാഞ്ഞടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചും ബഹളംവെച്ചും ആനയെ ഓടിച്ചതോടെയാണ് ജനവാസ മേഖലയിലൂടെ ആന കാട്ടിലേക്ക് ഓടിപ്പോയത്.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നതിനാൽ ജനങ്ങൾ മാറി നിന്നിരുന്നു. തന്ത്രപരമായ രീതിയിലാണ് വനം വകുപ്പ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. അതേ സമയം ആനയെ മയക്കുവെടി വെച്ച് പിടിക്കുമെന്ന ഉറപ്പ് വനം വകുപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധം തുടങ്ങി. വനത്തിലേക്ക് ഓടിച്ചു വിട്ട ആന ഇനിയും നാട്ടിലിറങ്ങുമെന്ന ആശങ്കയാണ് നാട്ടുകാർ പ്രകടിപ്പിക്കുന്നത്.
കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം മയക്കുവെടിവെക്കാനാണ് തീരുമാനമെന്ന് മലയാറ്റൂർ ഡിഎഫ്ഒ നേരത്തെ അറിയിച്ചിരുന്നു . എന്നാൽ ആനയുടെ ആരോഗ്യ സ്ഥിതി കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നായിരുന്നു വിശദീകരിച്ചത്. ചൂട് കുറഞ്ഞ ശേഷം വൈകുന്നേരത്തോടെ മാത്രമേ ആനയെ മയക്കുവെടി വെക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയതോടെയായിരുന്നു നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
എന്നാൽ വനംവകുപ്പും ആർഡിഒയും ചേർന്ന് തങ്ങളെ വഞ്ചിച്ചുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് നാട്ടുകാർ വാക്ക് തർക്കം തുടരുകയാണ്. തങ്ങൾക്ക് നൽകിയ ഉറപ്പ് അധികൃതർ പാലിക്കണമെന്നും അല്ലാത്ത പക്ഷം ജെസിബി ഇവിടെ നിന്നും മാറ്റാൻ അനുവദിക്കില്ലെന്നുമാണ് നാട്ടുകാരുടെ നിലപാട്.
ആന കിണറ്റിൽ വീണ് പന്ത്രണ്ട് മണിക്കൂർ പിന്നിടുമ്പോഴാണ് രക്ഷാപ്രവർത്തനം സംബന്ധിച്ച് വനംവകുപ്പ് തീരുമാനത്തിലെത്തുന്നത്. കിണർ ഇടിച്ച് വഴിയുണ്ടാക്കി ആനയെ രക്ഷാപെടാൻ സഹായിക്കാമെന്ന തീരുമാനത്തെ നാട്ടുകാർ ശക്തമായി എതിർത്തതോടെയാണ് രക്ഷാപ്രവർത്തനം വൈകിയത്.