കൊല്ലം:ഓണവരവറിയിച്ച് ശാസ്‌താംകോട്ട കോവൂരിൽ കരടികളിറങ്ങി. കാണികളിൽ ഗതകാലസ്‌മരണകളുണർത്തി കോവൂർ ദി കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് കരടികളി മത്സരവും പുലികളി മേളവും നടത്തിയത്. അരിനല്ലൂർ കരടികളി സംഘം, പന്മന മിത്രം കരടികളി സംഘം, 50ലധികം വർഷങ്ങളായി കരടികളി രംഗത്ത് സജീവമായി നിൽക്കുന്ന കളങ്ങര രാഘവൻ നേതൃത്വം നൽകുന്ന ടീം, കോവൂർ കേരള ലൈബ്രറി കരടികളി സംഘവും മത്സരത്തിനിറങ്ങി.
പരമ്പരാഗത രീതിയിൽ ഓലകീറി വേഷം ധരിച്ച് കരടികളും വേട്ടക്കാരനും ഒപ്പം ഓണനാളുകളിൽ ഗ്രാമാന്തരങ്ങളിൽ വന്നുകൊണ്ടിരുന്ന ഓണപ്പുലിയും കാഴ്‌ചക്കാർക്ക് ദൃശ്യവിരുന്ന് ഒരുക്കി. മികച്ച ടീമായി മിത്രം നാട്ടുകൂട്ടവും ഏറ്റവും മികച്ച പാട്ടുപാടുന്ന സംഘമായി കളങ്ങര രാഘവൻ നേതൃത്വം നയിച്ച ടീമും മികച്ച വേഷം ധരിച്ച ടീമായി അരിനല്ലൂർ സംഘവും തെരഞ്ഞെടുക്കപ്പെട്ടു.