കൊല്ലം:കൊല്ലംകലക്‌ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. യുഎപിഎ വകുപ്പ് പ്രകാരമാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ പ്രതികൾ 30,000 രൂപ പിഴയും അടയ്‌ക്കണം. സ്‌ഫോടന കേസിലെ 1 മുതൽ 3 വരെയുള്ള പ്രതികൾക്കാണ് ശിക്ഷ.
നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്‍റ് പ്രവര്‍ത്തകരും തമിഴ്‌നാട് സ്വദേശികളുമായ അബ്ബാസ് അലി (31), ദാവൂദ് സുലൈമാന്‍ (27), ഷംസൂണ്‍ കരീംരാജ (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ക്കുമേല്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം കോടതി ഒഴിവാക്കി.
അതേസമയം തെളിവുകൾ ഇല്ലാത്തതിനാൽ നാലാം പ്രതിയെ കോടതി വിട്ടയച്ചിരുന്നു. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ കോടതി മാപ്പുസാക്ഷിയാക്കുകയും ചെയ്‌തിരുന്നു. ശിക്ഷാവിധി സംബന്ധിച്ച വാദം കഴിഞ്ഞ ദിവസം കൊല്ലം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായിരുന്നു.