നവജാത ശിശുവിൻ്റെ മൃതദേഹം സംസ്‌കരിച്ചു (Source: Etv Bharat Reporter) എറണാകുളം : കൊച്ചിയിൽ യുവതി പ്രസവിച്ചയുടനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിൻ്റെ മൃതദേഹം സംസ്‌കരിച്ചു. പൊലീസ് ഏറ്റെടുത്ത മൃതദേഹം കൊച്ചി കോർപ്പറേഷൻ്റെ സഹകരണത്തോടെ പുല്ലേപ്പടി പൊതു ശ്‌മശാനത്തിലാണ് അടക്കം ചെയ്‌തത്. കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയ മൃതദേഹം, പുല്ലേപ്പടി ശ്‌മശാനത്തിൽ കൊച്ചി മേയർ എം അനിൽകുമാറും മറ്റു ജനപ്രതിനിധികളും ചേർന്നാണ് ഏറ്റെടുത്ത് സംസ്‌കരിച്ചത്.
കുഞ്ഞുപ്പെട്ടിയിൽ അന്ത്യ യാത്രയ്ക്ക് ഒരുങ്ങിയ കുഞ്ഞിന് മേയറും ജനപ്രതിനിധികളും പൊലീസുകാരും ചേർന്ന് അന്തിമോപചാരം അർപ്പിച്ചു. ഏറ്റെടുക്കാൻ സ്വന്തമായാരുമില്ലാതിരുന്ന ആ കുഞ്ഞിളം പെതലിനൊപ്പം ഒരു നാട് ഒന്നാകെയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു സംസ്‌കാര ചടങ്ങ്. പൂക്കൾ അർപ്പിച്ചും, കുഞ്ഞു ശവപ്പെട്ടിൽ കളിപ്പാട്ടം വച്ചും, സല്യൂട്ട് നൽകിയുമാണ് വേദനയില്ലാത്ത ലോകത്തേക്ക് അവനെ യാത്രയാക്കിയത്.
കുഞ്ഞിൻ്റെ മൃതദേഹം ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ട് യുവതിയും വീട്ടുകാരും അറിയിച്ചതോടെയാണ് മൃതദേഹം പൊലീസ് ഏറ്റെടുത്ത്. കുഞ്ഞിൻ്റെ ഡിഎൻഎ സാംപിൾ ഉൾപ്പടെ അന്വേഷണത്തിന് ആവശ്യമായതെല്ലാം ശേഖരിച്ച ശേഷമായിരുന്നു സംസ്‌കരിക്കാൻ തീരുമാനിച്ചത്. ആ കുഞ്ഞ് ശരീരം പുല്ലേപ്പടി ശ്‌മശാനത്തിൽ മണ്ണോട് ചേരുമ്പോൾ കണ്ടു നിന്നവരുടെ കണ്ണുകൾ ഈറനണഞ്ഞു.
താലോലിക്കേണ്ട കരങ്ങൾ ജനിച്ച് വീഴുമ്പോൾ തന്നെ അവനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയല്ലോയെന്ന് ഓർമിക്കുന്നവരുടെയെല്ലാം മനസൊന്ന് പതറും. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം സുന്ദരമായ ഈ ലോകത്തിൻ്റെ വർണ്ണ കാഴ്‌ചകൾ കാണാൻ ഭൂമിയിൽ പിറവിയെടുത്തവനെ കൂരിരിട്ടിലേക്ക് തന്നെ മടക്കി അയച്ചത് എത്ര ക്രൂരമാണ്.
ഈ ലോകം ഇത്രമാത്രം ക്രൂരവും പൈശാചികവുമാണെന്ന ചിന്തിച്ചിട്ടുണ്ടാവുമോ ആ കുഞ്ഞു മനസ്? ചിന്തിക്കുന്ന മനുഷ്യരെ ആകുലപ്പെടുത്തുന്ന നിരവധി ചോദ്യങ്ങൾ മാത്രമാണ് ആരോരുമില്ലാത്ത ആ നവജാതശിശു അവശേഷിപ്പിക്കുന്നത്. പ്രസവിച്ചയുടനെ കുഞ്ഞിൻ്റ വായും മൂക്കും പൊത്തി പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി റോഡിലേക്ക് എറിഞ്ഞ യുവതിയെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്‌തിരുന്നു.
ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ആശുപത്രിയിൽ തന്നെയാണ് യുവതി റിമാൻഡിൽ കഴിയുന്നത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന ഡോക്‌ടറുടെ റിപ്പോർട്ട് കിട്ടി ശേഷമായിരിക്കും പൊലീസ് കസ്റ്റഡിയിൽ വാങ്ങുക. അവിവാഹിതയായ യുവതി തൃശൂർ സ്വദേശിയായ സുഹൃത്തിൽ നിന്നാണ് ഗർഭിണിയായതെന്നും, താൻ പീഡനത്തിന് ഇരയാവുകയായിരുന്നുവെന്നുമാണ് മൊഴി നൽകിയത്.
യുവതി അതിജീവിതയാണെന്ന് പൊലീസ് പറഞ്ഞിരുന്നുവെങ്കിലും ഈ കാര്യത്തിൽ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെ എട്ട് മണിക്ക് ശേഷമാണ് പനമ്പിള്ളി നഗറിൽ യുവതി താമസിച്ചിരുന്ന ഫ്ലാറ്റിന് മുന്നിലെ നടു റോഡിൽ കവറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്.
ഫ്ലാറ്റിൽ നിന്നും മൃതദേഹം റോഡിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത് വലിയ നടുക്കമാണ് സമൂഹത്തിൽ സൃഷ്ട്ടിച്ചത്. എന്നാൽ മണിക്കൂറുകൾക്ക് ഉള്ളിൽ കൊച്ചി പൊലീസ് പ്രതിയായ യുവതിയെ കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൻ്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരികയും ചെയ്‌തിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം ഫ്ലാറ്റിൽ കഴിഞ്ഞ യുവതി താൻ ഗർഭിണിയാണെന്ന കാര്യവും, പ്രസവവും ഇരുവരില്‍ നിന്നും എങ്ങനെ മറച്ചുവച്ചു എന്നത് ഇപ്പോഴും സംശയമായി അവശേഷിക്കുകയാണ്.
ALSO READ:നവജാത ശിശുവിൻ്റെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവം: യുവതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത് ഡോക്‌ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം