തിരുവനന്തപുരം: വയനാട് പഞ്ചാരക്കൊല്ലിയിലെ രാധ എന്ന ആദിവാസി സ്ത്രീയുടെ ദാരുണ മരണത്തിനു പിന്നാലെ അവരുടെ മരണത്തിന് കാരണമായ കടുവയെ വെടിവെച്ചു കൊല്ലാനാണ് അധികൃതരുടെ തീരുമാനം. കടുവയെ വെടിവച്ചു കൊല്ലണം എന്ന ഒറ്റ ആവശ്യവുമായി പ്രദേശത്തെ ജനങ്ങളാകെ തെരുവിലിറങ്ങിയതിനു പിന്നാലെയാണ് സർക്കാരിന് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടിവന്നത്. വയനാട്ടിൽ ഇപ്പോൾ വെടിവെപ്പും കടുവവേട്ടയും ചർച്ചയാകുമ്പോളാണ് അവിടെ വെടിവെപ്പ് പരിശീലിക്കാന്‍ ഒരു സംഘം വെടിക്കാര്‍ രൂപം കൊടുത്ത റൈഫിൾ ക്ലബ്ബ് ചർച്ചയാകുന്നത്. വർഷങ്ങൾക്ക് മുൻപ് വയനാട്ടിൽ ഒരു റൈഫിൾ ക്ലബ് നിലനിന്നിരുന്നുവെന്നത് അധികമാർക്കുമറിയാത്ത ചരിത്രമാണ്.
അടുത്തിടെ പുറത്തിറങ്ങിയ ഒരു സിനിമയില്‍ നിന്നു തുടങ്ങാം. ഒടിടി റിലീസോടെ ചര്‍ച്ചയായിരിക്കുന്ന സിനിമയാണ് ആഷിഖ് അബു സംവിധാനം ചെയ്‌തു പ്രശസ്‌ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് വരെ അണിനിരന്ന റൈഫിള്‍ ക്ലബ് സിനിമ. 1990 കളുടെ പശ്ചാത്തലത്തില്‍ വയനാട്ടിലെ റൈഫിള്‍ ക്ലബ്ബിന്‍റെയും ഉന്നം തെറ്റാത്ത ഒരു സംഘം വെടിക്കാരുടെയും സാങ്കൽപിക കഥ പറയുന്ന സിനിമ ഒടിടി റിലീസിന് ശേഷം സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചാവിഷയമാണ്.
എന്നാല്‍ വയനാട്ടില്‍ 1980 കളില്‍ നിലവില്‍ വന്ന ഒരു റൈഫിള്‍ ക്ലബ്ബുണ്ട്. സിനിമയിലെ വെടി കാഴ്‌ചകള്‍ക്ക് പ്രൊഫഷണല്‍ ടച്ച് നല്‍കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ പ്രേം സായിയുടെ പിതാവ് രമേശ് ഉള്‍പ്പെടെയുള്ള ഒരു സംഘം വെടിക്കാര്‍ രൂപം നല്‍കിയ വയനാട്ടിലെ പഴയെ റൈഫിള്‍ ക്ലബ് ഇന്ന് രണ്ടാം രംഗപ്രവേശനത്തിനായി അനുമതി കാത്ത് നിൽകുകയാണ്.
10 ഫൗണ്ടര്‍ മെമ്പര്‍മാരുമായി 1980 കളിലാണ് അന്ന് റൈഫിള്‍ ക്ലബ് തുടങ്ങുന്നതെന്ന് ക്ലബ്ബിന്‍റെ മുൻ ജോയിന്‍റ് സെക്രട്ടറിയും പ്രൊഫഷണൽ ഷൂട്ടറുമായ രമേശ് ഇ ടി വി ഭാരതിനോട് പറഞ്ഞു. കുഞ്ഞുനാള്‍ മുതല്‍ റൈഫിള്‍, ഡബിള്‍ ബാരല്‍ എന്നിവ കുടുംബത്തിലുണ്ടായിരുന്നുവെന്നും ഇതാണ് ഷൂട്ടിങില്‍ കമ്പമേറാന്‍ കാരണമെന്നും രമേശ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്ലബ്ബിന്‍റെ ചരിത്രം
അച്ഛൻ കെ എസ് കരുണാകരൻ വേട്ടയ്ക്ക് ലൈസൻസ് എടുത്തയാളായിരുന്നു. പണ്ടു കാലത്ത് നിയമം കര്‍ക്കശമല്ലായിരുന്നു. കിളികളെയൊക്കെ വെടിവയ്ക്കുമായിരുന്നു. 1972 ന് ശേഷമാണ് നിയമങ്ങള്‍ കര്‍ശനമായത്. കല്‍പ്പറ്റയ്ക്കടുത്തുള്ള ചുണ്ടയില്‍ ആര്‍സിഎച്ച്എസ്എസ് സ്‌കൂളിന്‍റെ ഗ്രൗണ്ടിലായിരുന്നു അന്നത്തെ വെടി പരിശീലനം. ജില്ലാ തലത്തിലുള്ള ടൂര്‍ണമെന്‍റുകള്‍ അവിടെ നടക്കുമായിരുന്നു.
അംഗങ്ങള്‍ക്ക് മാത്രമേ തോക്ക് പെരുമാറാന്‍ കിട്ടു. പാലാട്ട് നാരായണ മേനോന്‍ എന്നൊരാളായിരുന്നു അക്കാലത്ത് കേരള റൈഫിള്‍ അസോസിയേഷന്‍റെ സെക്രട്ടറി. പിന്നീട് സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍ നടത്തുന്ന ഷൂട്ടിംഗ് ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കണമെന്ന നിബന്ധന വന്നപ്പോള്‍ ഒരു സുഹൃത്ത് വഴി അദ്ദേഹത്തെ കണ്ടു. അങ്ങനെ ക്ലബ്ബിന്‍റെ ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കി.
ക്ലബിന്‍റെ മെമ്പര്‍മാര്‍ക്ക് മാത്രമേ അന്ന് ഷൂട്ടിംഗിന് അനുമതിയുള്ളു. മാറി മാറി വരുന്ന കളക്‌ടര്‍മാരുടെ സ്വഭാവവും ഇതിനെ ബാധിച്ചു. ചിലര്‍ക്ക് താത്പര്യമുണ്ടാകും. ചിലര്‍ക്ക് കാണില്ല. 1992 ലാണ് പിന്നീട് ക്ലബ് രജിസ്റ്റര്‍ ചെയ്‌തത്. രജിസ്ട്രേഷന് ശേഷം വിപുലീകരിച്ചപ്പോള്‍ പിന്നീട് ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ 50 മിറ്റര്‍ ഷൂട്ടിംഗ് റെയ്ഞ്ച് തയ്യാറാക്കി പ്രാക്‌ടീസ് ആരംഭിച്ചു.
രജിസ്‌ട്രേഷന് ശേഷം ക്ലബ്ബിന് മെഡലൊക്കെ കിട്ടി മൊത്തത്തില്‍ വിപുലമായ സംവിധാനമായി മാറി. റൈഫിള്‍ ക്ലബ്ബിന്‍റെ ഭരണ സമിതിയില്‍ കളക്‌ടര്‍ പ്രസിഡന്‍റും പൊലീസ് എസ് പി വൈസ് പ്രസിഡന്‍റുമായിരിക്കണം. ഈ സംവിധാനം അന്ന് ഭരണസമിതിയിലെ ചിലര്‍ പൊളിച്ചെഴുതി. ഭരണസമിതിയില്‍ ഉദ്യോഗസ്ഥര്‍ വേണ്ടെന്ന നിലപാടെടുത്തു. പിന്നീട് ഇവര്‍ തിരഞ്ഞെടുപ്പ് നടത്തി പ്രാദേശിക തലത്തിലുള്ളവരെ പ്രസിഡന്‍റായും സെക്രട്ടറിയായും നിയോഗിച്ചു.
അങ്ങനെയാണ് ഞാന്‍ ക്ലബ്ബില്‍ നിന്നും മാറുന്നത്. മെമ്പര്‍ഷിപ്പ് തുക കുടിശിക അടയ്ക്കണമെന്ന് പറഞ്ഞു പിന്നീട് അവിടെ നിന്നും കത്തൊക്കെ വന്നിരുന്നു. ഞാന്‍ മറുപടി നല്‍കിയില്ല. ക്ലബ്ബിന്‍റെ ബൈലോ ലംഘിക്കപ്പെട്ടതോടെ സെക്രട്ടറിയെ അഭിസംബോധന ചെയ്യാന്‍ കഴിയാത്ത സാഹചര്യമായി. തെരഞ്ഞെടുപ്പ് നടത്തിയാല്‍ അതിന്‍റെ ഫലം കേരള റൈഫില്‍ അസോസിയേഷന് അയക്കണം.
ചട്ട ലംഘനം ചൂണ്ടിക്കാട്ടി വയനാട് കല്പറ്റ സ്വദേശിയും തോട്ടമുടമയുമായ മനോജ് കൊട്ടാരം പരാതി ഉയര്‍ത്തി. ഒപ്പം ഞാനുൾപ്പെടെ കുറച്ചു പേരും ചേർന്നു. കേരള റൈഫിള്‍ അസോസിയേഷന്‍ അങ്ങനെ ഇടപെട്ടു. മനോജ് കൊട്ടാരം 7 വർഷമായി പുതിയ ക്ലബ്ബിന്റെ അംഗീകാരത്തിനായി കേസിന്റെ പിന്നാലെയാണ്.
കേരള റൈഫിള്‍ അസോസിയേഷന്‍ അങ്ങനെ ഇടപെട്ടു. കൊല്ലത്തും തൃശ്ശൂരും ഇതേ കാലഘട്ടത്തില്‍ സമാനമായി പ്രശ്‌നങ്ങളുണ്ടായി. ഇതോടെ റൈഫിള്‍ അസോസിയേഷന്‍ ശക്തമായി ഇടപെട്ടു ലൈസെന്‍സ് റദാക്കി. ഉണ്ടായിരുന്ന ക്ലബ് പിരിച്ചു വിട്ടു. തോക്ക് എ ആര്‍ ക്യാമ്പിലേക്ക് കൊണ്ട് പോയി ഡെപ്പോസിറ്റ് ചെയ്യിച്ചു.
വയനാട് കൽപറ്റ പുത്തൂര്‍വയല്‍ എ ആര്‍ ക്യാമ്പിലാണ് ഇതു സൂക്ഷിച്ചിട്ടുള്ളത്. പുതിയ ക്ലബ് തുടങ്ങിയാല്‍ ഇവ പുതിയ ക്ലബ്ബിന് കൈമാറും. കൊല്ലത്തും സമാനമായി പിരിച്ചു വിട്ട ക്ലബ് ഇപ്പോള്‍ വീണ്ടും തുടങ്ങിയിട്ടുണ്ട്. രണ്ടാമതും ക്ലബ് തുടങ്ങാനുള്ള നടപടികള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഇനി കളക്‌ടറുടെയും എസ്‌പിയുടെയും അനുമതിയാണ് ആവശ്യം.
മിക്കവാറും എല്ലാ ജില്ലയിലും ഇപ്പോള്‍ റൈഫിള്‍ ക്ലബ്ബുകളുണ്ട്. പുതിയൊരു കമ്മിറ്റി വരെ വയനാട്ടിലെ റൈഫിള്‍ ക്ലബ്ബിന് വേണ്ടി തുടങ്ങിയിട്ടുണ്ട്. പക്ഷെ അംഗീകാരം ലഭിച്ചാലെ പ്രവര്‍ത്തിക്കാനാകൂ എന്നും രമേശ് പറഞ്ഞു. റൈഫിള്‍ ക്ലബ് സിനിമയ്ക്ക് വേണ്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രൊഫഷണല്‍ ഷൂട്ടിംഗിന്‍റെ വശമൊക്കെ പറഞ്ഞു നല്‍കിയത് രമേശിനെ മകന്‍ പ്രേംസായിയാണ്. ഷൂട്ടിംഗ് കോച്ച് കൂടിയായി പ്രേം സിനിമയില്‍ ചെറിയ വേഷവും ചെയ്യുന്നുണ്ട്.