കേരളം

kerala

ETV Bharat / state

കേന്ദ്രം സൃഷ്‌ടിച്ച ധനപ്രതിസന്ധി പ്രതിപക്ഷം ആഘോഷിച്ചു: കെഎൻ ബാലഗോപാൽ - KN Balagopal Flays Opposition - KN BALAGOPAL FLAYS OPPOSITION

ധന പ്രതിസന്ധിക്കിടെ ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുന്നു എന്ന് പറഞ്ഞ് പ്രതിപക്ഷം ആഘോഷിച്ചു. കേന്ദ്രത്തിന്‍റെ നയങ്ങൾ മൂലം സാമ്പത്തിക പ്രതിസന്ധികളുണ്ടായ ഒരു സാമ്പത്തിക വർഷമാണ് കടന്നു പോയതെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

KN BALAGOPAL AGAINST OPPOSITION  KERALA FINANCIAL CRISIS  KN BALAGOPAL  KERALA TREASURY
Kerala Finance Minister KN Balagopal Flays Opposition

By ETV Bharat Kerala Team

Published : Mar 30, 2024, 7:17 PM IST

ബാലഗോപാല്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾ മൂലമുണ്ടായ ധന പ്രതിസന്ധിക്കിടെ ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുന്നു എന്ന് പറഞ്ഞ് പ്രതിപക്ഷം ആഘോഷിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 2023-24 സാമ്പത്തിക വർഷത്തിലെ അവസാന ദിനത്തിൽ പതിവ് ട്രഷറി സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

കേന്ദ്രത്തിന്‍റെ നയങ്ങൾ കാരണം സാമ്പത്തികമായി ഏറെ പ്രതിസന്ധികളുണ്ടായ സാമ്പത്തിക വർഷമാണ് കടന്നു പോയത്. സാമൂഹ്യ സുരക്ഷ പെൻഷന്‍റെയും കിഫ്‌ബിയുടെയും പ്രവർത്തനം തടസപ്പെടുത്തുന്ന തരത്തിൽ ഭരണഘടനാപരമായി ചെയ്യാൻ പാടില്ലാത്ത നിബന്ധനകൾ കേന്ദ്രം ഏർപ്പെടുത്തി. കേസ് കൊടുത്തതിന്‍റെ പേരിൽ വീണ്ടും വിഹിതം വെട്ടിക്കുറച്ചു.

ശമ്പളവും പെൻഷനും നൽകാൻ കഴിയാതെ വന്നപ്പോൾ വലിയ ആഹ്ലളാദ പ്രകടനം നടന്നു. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഇത് നടന്നത്. സംസ്ഥാനത്ത് ഉണ്ടായ പ്രതിസന്ധി പിടിപ്പുകേട് കാരണമുണ്ടായതെന്ന തരത്തിൽ പ്രചരണം നടന്നു. എന്നാൽ അത് അങ്ങനെയല്ലയെന്ന് വ്യക്തമാക്കുന്ന വാദങ്ങളാണ് കോടതിയിലടക്കം നടന്നത്.

പണം അനുവദിക്കാൻ സുപ്രീം കോടതി തന്നെ നിർദേശം നൽകിയതുമാണ്. 20,000 കോടിയോളം വെട്ടിക്കുറച്ചിട്ടും 30,000 കോടിയോളം രൂപ വരുമാന വർദ്ധനയുണ്ടാക്കിയാണ് കാര്യങ്ങൾ നടന്നു പോകുന്നത്. ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുന്നുവെന്ന് പറഞ്ഞ് പ്രത്യേക യോഗം കൂടിയ സാഹചര്യം വരെയുണ്ടായി.

കിട്ടാനുള്ള ധാരാളം തുക ഇപ്പോഴും തടഞ്ഞ് വെച്ചിരിക്കുകയാണ്. കെഎസ്ആർടിസിക്കും കെടിടിസിക്കും 420 കോടി ഇന്ന് തന്നെ നൽകി. ഒന്നാം തീയതി തന്നെ കൃത്യമായി ശമ്പളം നൽകി മുന്നോട്ട് പോകും. ക്ഷേമ പെൻഷൻ കൃത്യമായി നൽകാൻ ഉത്തരവിറക്കിയിട്ടുണ്ട്. കേന്ദ്ര വിഹിതത്തിൽ പരിഹാരമായിട്ടില്ല.

കേരളത്തിലെ എംപിമാർ ഈ വിഷയം ലോക്‌സഭയിൽ ഉന്നയിച്ചില്ല. രണ്ട് ഇടതുപക്ഷ എംപി മാർ മാത്രമാണ് വിഷയം ഉന്നയിച്ചത്. ഭരണപരമായി നമ്മുടെ സംസ്ഥാനത്തെ ട്രഷറി പ്രവർത്തനവും ജീവനക്കാരുടെ ശമ്പള വിതരണവും കൃത്യമായി നടന്നു വരുന്നുണ്ട്. പരിമിതികൾക്കുള്ളിലും ഓരോ മേഖലയിലെയും പ്രവർത്തനങ്ങൾ കൃത്യമായി നടന്നു വരികയാണ്. എല്ലാ പണവും നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ഈ മാസം 25-ാം തീയതി വരെയാണ് ട്രഷറിയിൽ ബില്ല് സമർപ്പിക്കാൻ സമയം നൽകിയിരുന്നത്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ സിസ്‌റ്റം തകരാർ മൂലം മൂന്നാം ഘട്ടത്തിൽ പണം അനുവദിക്കാനായുള്ള ബില്ലുകൽ പൂർത്തിയാക്കാനായിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിലെ ബില്ലുകൾ മാറാൻ ഈ മാസം 27 വരെ സമയം അനുവദിച്ചതായും മന്ത്രി അറിയിച്ചു. എന്നിട്ടും പരിഹരിക്കാത്ത തകരാറുണ്ടെങ്കിൽ അടുത്ത വർഷത്തേക്ക് ക്യാരി ഓവർ ചെയ്യാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

Also Read :കോൺഗ്രസിനെതിരായ ഐടി വകുപ്പ് നടപടി, പ്രതിഷേധം ശക്തം; ഇൻകം ടാക്‌സ് കമ്മിഷണറേറ്റ് ഉപരോധിച്ച് കേരള ഘടകം - Income Tax Office Dharna

ABOUT THE AUTHOR

...view details