കണ്ണൂര്‍:വടകരയില്‍ യുഡിഎഫിന് അനുകൂലമായി ബിജെപി വോട്ട് മറിച്ചെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. എത്രത്തോളം വോട്ടുകള്‍ അത്തരത്തില്‍ പോയിട്ടുണ്ട് എന്ന കാര്യം തങ്ങള്‍ക്ക് പറയാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെകെ ശൈലജ.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും വിലകുറഞ്ഞ ഇത്തരം കാര്യങ്ങള്‍ക്ക് ഇനിയും പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശൈലജ പറഞ്ഞു. ഇത്രയും കാലം രാഷ്‌ട്രീയ രംഗത്തുണ്ടായിട്ടും തനിക്കെതിരെ ഇതുവരെയും ഉണ്ടായിട്ടില്ലാത്ത വ്യക്തിപരമായ അധിക്ഷേപങ്ങളാണ് ഇത്തവണയുണ്ടായത്. എ ഡി മുസ്‌തഫ, സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖരായ നേതാക്കള്‍ക്കൊപ്പം താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. അന്നൊന്നും ഇത്തരത്തില്‍ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും ശൈലജ ചൂണ്ടിക്കാട്ടി.