എറണാകുളം : മസാല ബോണ്ട് ഇടപാടിൽ തോമസ് ഐസക്കിന് ഇഡി അയച്ച പുതിയ സമൻസിന് സ്‌റ്റേ ഇല്ല. മുൻപത്തെ സമൻസിനെതിരായ ഹർജി നിലനിൽക്കവെ, ഐസക്കിന് വീണ്ടും പുതിയ സമൻസ് അയച്ചതിൽ ഇഡിയോട് ഹൈക്കോടതി വിശദീകരണം തേടി. അതിനിടെ ഇഡിക്ക് മുന്നിൽ ആരായാലും ഹാജരാകണമെന്ന് ഹൈറിച്ച് കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ഹൈക്കോടതി പരാമർശം നടത്തിയിരുന്നു.
മസാല ബോണ്ട് ഇടപാടിൽ ഈ മാസം 12 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ ഡി അയച്ച സമൻസിൽ സ്‌റ്റേ വേണമെന്ന തോമസ് ഐസക്കിന്‍റെ ആവശ്യം നിരാകരിച്ച ഹൈക്കോടതി, ഐസക്കിന്‍റെ ഹർജി നിലനിൽക്കെ പുതിയ സമൻസ് അയച്ചതിൽ ഇഡിയോട് വിശദീകരണവും തേടി.
പുതിയ സമൻസ് അയച്ചതിനാൽ ഐസക്കിന്‍റെ ഹർജി നിലനിൽക്കില്ലെന്നായിരുന്നു ഇഡിയുടെ നിലപാട്. അതേസമയം കോടതി ഉത്തരവ് പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇഡിക്ക് മുന്നിൽ ഹാജരായി രേഖകൾ നൽകിയെന്നും, കൂടുതൽ രേഖകൾ നൽകാൻ തയ്യാറാണെന്നും കിഫ്ബി അറിയിച്ചു.
കിഫ്ബി ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ഐസക്കിന് വീണ്ടും സമൻസ് അയച്ചതെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. പുതിയ സമൻസ് ഐസക്കിന് അയച്ചതിൽ ഇഡിയുടെ മറുപടിയും, ഐസക്കിന്‍റെ വാദവും കേൾക്കാനായിട്ടാണ് ഹൈക്കോടതി ഇരുഹർജികളും ഈ മാസം 18ലേക്ക് മാറ്റിയത്.
മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കിഫ്ബിയുടെ പക്കലാണുള്ളതെന്നും തനിക്ക് കൂടുതലൊന്നും നൽകാനില്ല എന്നുമായിരുന്നു ഐസക് നേരത്തെ കോടതിയിൽ വ്യക്തമാക്കിയത്. തോമസ് ഐസക് ഹാജരായേ മതിയാകൂവെന്നാണ് ഇ ഡിയുടെ കർശന നിലപാട്. അതിനിടെ ഹൈറിച്ച് കേസുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി പരിഗണിക്കവെ ഇഡി ആവശ്യപ്പെട്ടാല്‍ ആരായാലും ഹാജരാകണമെന്ന് ഹൈക്കോടതി പരാമർശം നടത്തി.
ALSO READ : 'കിഫ്ബി മസാല ബോണ്ട് വാങ്ങിയത് ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനി'; തോമസ് ഐസക്കിനും പിണറായിക്കുമെതിരെ ചെന്നിത്തല
ഹൈക്കോടതി ജഡ്‌ജിയായാലും ഹാജരാകേണ്ടി വരുമെന്ന് ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇഡി സമൻസിന് മറുപടി നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് ഉദ്ധരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ പരാമർശം.