വാഷിങ്ടൺ: വിദഗ്‌ധരായ വിദേശ തൊഴിലാളികളെ യുഎസിലേക്ക് എത്തിക്കുന്ന എച്ച് -1 ബി വിസ നിലപാടിൽ എലോൺ മസ്‌കിന് പിന്തുണ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് എച്ച് -1 ബി വിസ എല്ലായ്‌പ്പോഴും ഇഷ്‌ടമാണെന്നും എപ്പോഴും വിസകൾക്ക് അനുകൂലമായിരുന്നു എന്നും ട്രംപ് ന്യൂയോർക്ക് പോസ്‌റ്റ് പത്രത്തോട് പറഞ്ഞു.
താനത് പലതവണ ഉപയോഗിച്ചിട്ടുണ്ടെന്നും എച്ച് - 1 ബി വിസ മികച്ച പരിപാടിയാണെന്നും ട്രംപ് പറഞ്ഞു. മുൻ ഭരണകാലത്ത് ട്രംപ് എച്ച് -1 ബി വിസയെ വിമർശിച്ചിരുന്നു. വിദേശ തൊഴിലാളികൾക്കുള്ള വിസയിലും ട്രംപ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സ്‌പേസ് എക്‌സ്, ടെസ്‌ല തുടങ്ങിയ ടെക് കമ്പനികൾക്ക് വിദേശ തൊഴിലാളികളെ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്‌ചയാണ് മസ്‌ക് എച് - 1 ബി വിസയെ അനുകൂലിച്ച് പോസ്‌റ്റ് പങ്കുവെച്ചത്. പദ്ധതിക്ക് വേണ്ടി യുദ്ധത്തിലേക്ക് വരെ പോകാന്‍ തയാറാണ് എന്നും മസ്‌ക് പറഞ്ഞിരുന്നു.
സ്‌പേസ് എക്‌സും ടെസ്‌ലയും അമേരിക്കയെ ശക്തമാക്കിയ മറ്റ് നൂറുകണക്കിന് കമ്പനികളും നിർമ്മിച്ച നിരവധി ആളുകൾക്കൊപ്പം താനും അമേരിക്കയിലിരിക്കുന്നതിന്‍റെ കാരണം എച്ച്- 1 ബി വിസയാണ് എന്ന് മസ്‌ക് എക്‌സിൽ കുറിച്ചു.
സൈദ്ധാന്തികമോ സാങ്കേതിക വൈദഗ്ധ്യമോ ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന നോൺ-ഇമിഗ്രന്‍റ് വിസയാണ് എച്ച് - 1 ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് സാങ്കേതിക കമ്പനികൾ ഈ വിസയെ ആശ്രയിക്കുന്നുണ്ട്.
യുഎസിലേക്ക് ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആകർഷിക്കാൻ കൂടുതൽ എച്ച്-1 ബി വിസകൾ വേണമെന്ന് ടെക് വ്യവസായം പണ്ടേ ആവശ്യപ്പെട്ടിരുന്നു. ട്രംപിന്‍റെ ആദ്യ ഭരണകൂടം 2020-ൽ പ്രോഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തി. അമേരിക്കക്കാർക്ക് പകരം കുറഞ്ഞ ശമ്പളമുള്ള വിദേശ തൊഴിലാളികളെ നിയമിക്കാൻ ബിസിനസുകളെ ഇത് അനുവദിക്കുന്നു എന്നായിരുന്നു ട്രംപിന്‍റെ വാദം.
വിദേശ തൊഴിലാളികളെ അമേരിക്കയിലേക്ക് എത്തിക്കാനുള്ള സാങ്കേതിക വ്യവസായത്തിന്‍റെ ആവശ്യത്തെ മസ്‌ക് ശക്തമായി നിലകൊണ്ടതോടെയാണ് ട്രംപിന്‍റെ മലക്കംമറിച്ചില്‍. പ്രോഗ്രാമിനെ അനുകൂലിച്ച് മസ്‌ക് എക്‌സിൽ നിരന്തരം പോസ്‌റ്റുകൾ പങ്കുവെക്കുന്നുണ്ട്.
Also Read: 'ടിക് ടോക് നിരോധനം ഉടൻ വേണ്ട'; സുപ്രീം കോടതിയോട് ട്രംപ്