ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ ചിതാഭസ്‌മം യമുനയില്‍ നിമജ്ജനം ചെയ്‌തു. 'മജ്‌നു ക തില' ഗുരുദ്വാരയ്ക്ക് സമീപമാണ് ചിതാഭസ്‌മം യമുനയില്‍ ഒഴുക്കിയത്. സിക്ക് മതാചാരപ്രകാരം നടന്ന ചടങ്ങുകള്‍ക്കു ശേഷം കുടുംബാംഗങ്ങളാണ് ചിതാഭസ്‌മം നദിയില്‍ ഒഴുക്കിയത്.
ഞായറാഴ്‌ച രാവിലെയാണ് നിഗംബോധ് ഘട്ടില്‍ നിന്ന് ചിതാഭസ്‌മം ശേഖരിച്ചത്. പിന്നീട് കുടുംബാംഗങ്ങള്‍ അത് ഗുരുദ്വാരയ്ക്ക് സമീപമുള്ള അഷ്‌ട് ഘട്ടിലേക്ക് ഇത് കൊണ്ടുവരികയും നദിയിലൊഴുക്കുകയുമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മന്‍മോഹന്‍റെ ഭാര്യ ഗുര്‍ചരണ്‍ കൗറും മക്കളായ ഉപിന്ദര്‍ സിങ്, ദമന്‍ സിങ്, അമൃത് സിങ് എന്നിവരും, മറ്റ് ബന്ധുക്കളും ചേര്‍ന്നാണ് നിമജ്ജന ചടങ്ങുകള്‍ നടത്തിയത്. സിക്ക് ചടങ്ങുകളുടെ ഭാഗമായ അഖണ്ഡ പഥ് മോത്തിലാല്‍ നെഹ്‌റുമാര്‍ഗിലെ സിങ്ങിന്‍റെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ ജനുവരി ഒന്നിന് നടത്തും. ഭോഗ് ചടങ്ങ്, അന്തിം അര്‍ദശ്, കീര്‍ത്തന്‍ എന്നിവ ജനുവരി മൂന്നിന് പാര്‍ലമെന്‍റ് സമുച്ചയത്തിന് സമീപമുള്ള രകബ് ഗഞ്ച് ഗുരുദ്വാരയില്‍ നടക്കും.
ഈ മാസം 26നാണ് സിങ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വച്ച് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. 92 വയസായിരുന്നു. ശനിയാഴ്‌ചയാണ് അദ്ദേഹത്തിന്‍റെ ഭൗതിക ദേഹം നിഗംബോധ് ഘട്ടില്‍ സംസ്‌കരിച്ചത്.
രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ നേതൃത്വത്തില്‍ രാജ്യം അദ്ദേഹത്തിന്‍റെ അന്ത്യയാത്രയ്ക്ക് നേതൃത്വം നല്‍കി. മന്‍മോഹന്‍ സിങ് രാജ്യത്തിനു വേണ്ടി ചെയ്‌ത സേവനങ്ങളും അദ്ദേഹത്തിന്‍റെ ലാളിത്യവും അര്‍പ്പണബോധവും നാം എന്നും ഓര്‍മ്മിക്കുമെന്ന് ചിതാഭസ്‌മ നിമജ്ജന ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് കോണ്‍ഗ്രസ് അവരുടെ ഔദ്യോഗിക എക്‌സില്‍ കുറിച്ചു.
അതേസമയം ചടങ്ങില്‍ കോണ്‍ഗ്രസില്‍ നിന്നോ ഗാന്ധി കുടുംബത്തില്‍ നിന്നോ ആരും ചടങ്ങില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. ഇത് നമുക്കേവര്‍ക്കും ദുഃഖഭരിതമായ ഒരു നിമിഷമാണ്. ഗാന്ധി കുടുംബത്തില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ ആരും ഈ ചടങ്ങില്‍ പങ്കെടുത്തില്ലെന്ന് ബിജെപി നേതാവ് മന്‍ജിന്ദര്‍ സിങ് സിര്‍സ പറഞ്ഞു. ഇന്നവിടെ ക്യാമറകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് കോണ്‍ഗ്രസും. ഇത് ഏറെ സങ്കടകരമായ കാര്യമാണ്. മന്‍മോഹന്‍ സിങ് എല്ലാവരും ആദരിച്ചിരുന്ന ഒരു വ്യക്തിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: മന്‍മോഹനും കേരളവും: കേരളത്തെ ചേർത്തുപിടിച്ച പ്രധാനമന്ത്രി