കേരളം

kerala

ETV Bharat / state

കിഫ്ബി നീങ്ങുന്നത് ടോളിലേക്കു തന്നെ; വ്യക്തമായ സൂചനയുമായി മുഖ്യമന്ത്രി നിയമസഭയില്‍ - CM INDICATE KIIFB TOLLS IN ASSEMBLY

യൂസര്‍ഫീ ഏര്‍പ്പെടുത്തുന്നതോടെ വായ്‌പകള്‍ കിഫ്ബിക്കു സ്വന്തമായി തിരിച്ചടയ്ക്കാം, സര്‍ക്കാര്‍ ധനസഹായം ആവശ്യമായി വരില്ലെന്ന് മുഖ്യമന്ത്രി.

KIIFB USER FEE  KIIFB PROJECTS KERALA  PINARAYI VIJAYAN IN NIYAMASABHA  CM ON KIIFB TOLLS
Pinarayi Vijayan (Sabha TV)

By ETV Bharat Kerala Team

Published : Feb 12, 2025, 7:24 PM IST

തിരുവനന്തപുരം:കിഫ്ബി പദ്ധതികള്‍ക്കു ടോള്‍ ഏര്‍പ്പെടുത്തുമെന്ന നിലയില്‍ പ്രതിപക്ഷം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ധനമന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ പ്രതിപക്ഷത്തോടഭ്യര്‍ഥിച്ച് ഒരു ദിവസം പിന്നിടും മുന്നേ കിഫ്ബി പദ്ധതിക്കു ടോളില്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.

കിഫ്ബി സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയിലുന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. യൂസര്‍ ഫീ പിരിച്ച് കിഫ്ബിയെ സാമ്പത്തികമായി സ്വാശ്രയത്വത്തിലെത്തിച്ച് കിഫ്ബിയുടെ വായ്‌പകള്‍ തിരിച്ചടയ്ക്കുന്ന സാഹചര്യം സൃഷ്‌ടിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയന്‍ (Sabha TV)

2016ലെ കിഫ്ബി ഭേദഗതി നിയമപ്രകാരം പെട്രോളിയം ഇന്ധങ്ങള്‍ക്കു മേലുള്ള ഒരു ശതമാനം സെസും 10 ശതമാനം വീതം വര്‍ധന വരുത്തി അഞ്ചാം വര്‍ഷം മുതല്‍ അതായത് 2021 മുതല്‍ ഏര്‍പ്പെടുത്തുന്ന മോട്ടോര്‍ വാഹന നികുതിയുമാണ് കിഫ്ബിയുടെ വരുമാന സ്രോതസ്. ഈ സ്രോതസ് ജാമ്യമായി കണക്കാക്കി സെബിയും ആര്‍ബിഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വായ്‌പയെടുത്ത് കേരളത്തിന്‍റെ അടിസ്ഥാന മേഖലയില്‍ നിക്ഷേപം കൊണ്ടു വരികയാണ് കിഫ്ബിയുടെ ലക്ഷ്യം.

ഇത്തരത്തില്‍ 2022 വരെ ധനസമാഹരണം നടന്നെങ്കിലും അതിനെ സംസ്ഥാനത്തിന്‍റെ വായ്‌പാ പരിധിയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിരുന്നില്ല. അതു കൊണ്ടാണ് കിഫ്ബി റോഡുകളില്‍ നിന്നും പാലങ്ങളില്‍ നിന്നും ടോള്‍ പിരിക്കില്ലെന്ന് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടത്. എന്നാല്‍ 2022 ല്‍ കിഫ്ബിയെയും സമാന സ്ഥാപനങ്ങളെയും കേന്ദ്രം സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തി.

ഇതുമൂലം 2022 ല്‍ മാത്രം സംസ്ഥാനത്തിന് 15,895.50 കോടി രൂപയുടെ അധിക വായ്‌പയെടുക്കാനുള്ള അവകാശം നഷ്‌ടപ്പെട്ടു. കിഫ്ബി വായ്‌പയെ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും സംസ്ഥാനം കത്തയച്ചു. എന്നാല്‍ അനുകൂല നടപടികള്‍ ഒന്നും കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നുണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കേന്ദ്ര സര്‍ക്കാരിന്‍റെ ഇത്തരം വിവേചനപരമായ സമീപനം കാരണമാണ് കിഫ്ബി പദ്ധതികളെ എങ്ങനെ വരുമാനദായകമാക്കാം എന്ന ആലോചനകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. കിഫ്ബി പദ്ധതികള്‍ വരുമാനദായകമാക്കിയാല്‍ കിഫ്ബി വായ്‌പകളെ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാനാകും. വാഹന നികുതിയുടെ 50 ശതമാനവും പെട്രോളിയം സെസും കിഫ്‌ബിക്കു സര്‍ക്കാര്‍ ഗ്രാന്‍റായി നല്‍കുന്നുണ്ടെങ്കിലും കിഫ്ബി സ്വന്തം നിലയില്‍ സമാഹരിക്കുന്ന ലോണുകള്‍ കിഫ്ബിയുടെ മാത്രം ബാധ്യതയാണ്.

കിഫ്ബിക്ക് ഗ്രാന്‍റ് ഇനത്തില്‍ ഇതുവരെ നല്‍കിയ 20,000 കോടി രൂപയ്ക്കു പുറമേ ചെലവഴിച്ച 13,100 കോടി രൂപ പൂര്‍ണമായും കിഫ്ബി കണ്ടെത്തിയതാണ്. അത് കിഫ്ബിയുടെ മാത്രം ബാധ്യതയാണെന്ന് ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷം ഓര്‍ക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം യൂസര്‍ ഫീ ഈടാക്കുന്ന സാഹചര്യത്തില്‍ ആ യൂസര്‍ഫീയില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടു തന്നെ കിഫ്ബിയുടെ ലോണുകള്‍ അടച്ചു തീര്‍ക്കാം. അതുവഴി സര്‍ക്കാര്‍ കിഫ്ബിക്കു ഗ്രാന്‍റു നല്‍കുന്ന സാഹചര്യം ഘട്ടം ഘട്ടമായി ഒഴിവാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി മസാലാ ബോണ്ടിലൂടെ ഉയര്‍ന്ന പലിശയ്ക്കാണ് സര്‍ക്കാര്‍ പണം സമാഹരിച്ചതെന്നും എന്നാല്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി എച്ച്എഫ്‌ഡി മുഖേന കുറഞ്ഞ പലിശയിലാണ് വായ്‌പയെടുത്തതെന്നുമുള്ള പ്രതിപക്ഷ നേതാവിന്‍റെ ആരോപണം മുഖ്യമന്ത്രി തള്ളി. കൊച്ചി മെട്രോയ്ക്കു വേണ്ടി ഫ്രഞ്ച് കമ്പനിയായ എച്ച്എഫ്‌ഡിയില്‍ നിന്നും എടുത്ത വായ്‌പ മസാല ബോണ്ടുമായി താരതമ്യം ചെയ്യാന്‍ സാങ്കേതികമായി കഴിയില്ല.

എന്നാല്‍ കിഫ്ബിക്ക് അന്നു കിട്ടാവുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് ധനകാര്യ വിപണിയില്‍ നിന്ന് പണം ലഭിച്ചത്. കിഫ്ബി ബോണ്ടിന് ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസ്‌ക് ഇല്ല. എന്നാല്‍ കൊച്ചി മെട്രോ വായ്‌പയ്ക്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസ്‌ക് ഉണ്ട്. കിഫ്ബിയെ നിയമപ്രകാരമുള്ള സിഎജി ഓഡിറ്റിനു വിധേയമാക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണവും മുഖ്യമന്ത്രി തള്ളി. ബജറ്റിന്‍മേലുള്ള പൊതു ചര്‍ച്ച അവസാനിച്ച ശേഷം ധനമന്ത്രി മറുപടി പറയുന്നതിനു തൊട്ടു മുന്‍പായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

Also Read:'ശബരിമല മേല്‍നോട്ടത്തിനായി വികസന അതോറിറ്റി'; മന്ത്രി വി എൻ വാസവൻ

ABOUT THE AUTHOR

...view details