തിരുവനന്തപുരം :കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ഇന്നും ഇഡി ഓഫീസിൽ ഹാജരാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ എത്താൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചു. ഇത് നാലാം തവണയാണ് തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരാകാതെ വിട്ടുനിൽക്കുന്നത്(Thomas Isaac On ED Case).
കഴിഞ്ഞ പന്ത്രണ്ടാം തീയതി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും, മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ എത്താന്‍ അസൗകര്യമുണ്ടെന്നും, മറ്റൊരു ദിവസം ഹാജരാകാമെന്നും ഐസക് ഇഡിയെ അറിയിക്കുകയായിരുന്നു. ഐസക്കിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു തീയതി പുതുക്കി നിശ്ചയിച്ച് ഇന്ന് ഹാജരാകാൻ ഇഡി നോട്ടീസ് അയച്ചത്. അതേസമയം ഇഡി നോട്ടീസിനെതിരെ വീണ്ടും ഐസക് കോടതിയെ സമീപിക്കുമെന്നാണ് സൂചന.
2021 മാർച്ചിലാണ് കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടങ്ങിയത്. കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ വിദേശ നാണ്യ വിനിമയ നിയമം - ഫെമയുടെ ലംഘനം ഉണ്ടായെന്നും 2019ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമുള്ള പരാതികളിലായിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്.
കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇഡിയുടെ ആരോപണം. കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യൻ രൂപയിൽ വിദേശത്ത് നിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു. വിദേശ കടമെടുപ്പിൻ്റെ അധികാരം കേന്ദ്രസർക്കാരിനാണെന്നാണ് ഇഡി വ്യക്തമാക്കുന്നത് (ED Probe on KIIFB).