തിരുവനന്തപുരം: കലാലയ ജീവിതത്തിലെ ഹോസ്റ്റല്‍ അനുഭവങ്ങള്‍ ഏവര്‍ക്കും മധരമൂറുന്ന ഓര്‍മയാണ്. എന്നാല്‍ കലാലയങ്ങളിലെ ഹോസ്റ്റല്‍ ഭക്ഷണം പലപ്പോഴും മധുരമുള്ള ഓര്‍മയാകണമെന്നില്ല. നിലവാരമുള്ള ഭക്ഷണത്തിനായി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയ സമരങ്ങളുണ്ടായിട്ടുണ്ട്. പല തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന ആരോപണം ഇത്തരം സമരങ്ങള്‍ക്കിടെ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നത് നാം കേട്ടിട്ടുണ്ടാകും.
എന്നാല്‍ പരിഹാരമാണ് ആവശ്യമെങ്കില്‍ പരാതികള്‍ കൃത്യമായി നല്‍കണമെന്ന് കേരള സര്‍വകലാശാല സ്റ്റുഡൻ്റ് സര്‍വിസസ് വകുപ്പ് ഡയറക്‌ടര്‍ കെ സിദ്ദിഖ് പറയുന്നു. ഓരോ കോളജിലെയും സര്‍വകലാശാലയിലെയും രീതികള്‍ മനസിലാക്കിയാകണം വിദ്യാര്‍ഥികള്‍ പരാതിപ്പെടേണ്ടത്. ഭക്ഷണ കാര്യമാകുമ്പോള്‍ കലാലയത്തിന് അകത്തും പുറത്തുമുള്ള പല കേന്ദ്രങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാനാകും. പ്രശ്‌ന പരിഹാരം ലക്ഷ്യമിട്ടുകൊണ്ടാകണം വിദ്യാര്‍ഥികൾ പരാതി നല്‍കേണ്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിനായി നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയം ഭരണ സ്വഭാവത്തെക്കുറിച്ച് എല്ലാ വിദ്യാര്‍ഥികളും ബോധവാന്മാരാകണം. ഹോസ്റ്റല്‍ നടത്തിപ്പിന് നിലവില്‍ ഏകീകൃത സംവിധാനം ഇന്ത്യയില്‍ എങ്ങുമില്ല. താന്‍ പഠിക്കുന്ന സ്ഥാപനത്തിലെ ഹോസ്റ്റല്‍ മെസ് സംവിധാനമെന്തെന്ന് പരാതിപ്പെടുന്നതിന് മുന്‍പ് വിദ്യാര്‍ഥി മനസിലാക്കണം. ചിലയിടത്ത് മെസ് കമ്മിറ്റികളാണെങ്കില്‍ ചിലയിടത്ത് സ്വകാര്യ നടത്തിപ്പുകാര്‍ കരാര്‍ വ്യവസ്ഥയിലാകും ഹോസ്റ്റല്‍ ഭക്ഷണം വിളമ്പുക. സര്‍വകലാശാല ക്യാമ്പസുകളില്‍ സ്റ്റുഡൻ്റ് മെസ് കമ്മിറ്റികളുണ്ടാകും.
ഈ സംവിധാനങ്ങളെല്ലാം ഓരോ കോളജിലും ഓരോ പേരുകളിലാകും പ്രവര്‍ത്തിക്കുക. ഭക്ഷണത്തിൻ്റെ രുചിയോ മെനുവോ ഇഷ്‌ടപ്പെടാത്തതും നിലവാരമില്ലാത്ത ഭക്ഷണം വിളമ്പുന്നതും രണ്ട് പ്രശ്‌നമാണ്. സാധാരണ ഒരു ഹോസ്റ്റലില്‍ വാര്‍ഡനെയോ മെസ് കമ്മിറ്റിയെയോ ഭക്ഷണത്തിൻ്റെ മെനുവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അറിയിക്കാം. അതേ സമയം എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലറായ ഗവര്‍ണറെയും ഇതേ പ്രശ്‌ന പരിഹാരത്തിന് വിദ്യാര്‍ഥിക്ക് സമീപിക്കാനുള്ള അവകാശമുണ്ട്.
എന്നാല്‍ നടപടിയെടുക്കേണ്ട ആള്‍ സ്വന്തം കോളജില്‍ തന്നെയുണ്ടാകും. ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്വയം ഭരണ സ്വഭാവം കാരണമാണിത്. കെയര്‍ ടേക്കര്‍, മേട്രിന്‍, ഹോസ്റ്റല്‍ മോണിറ്ററിങ് കമ്മിറ്റി, ബര്‍സാര്‍, പ്രിന്‍സിപ്പല്‍, മാനേജര്‍, രജിസ്ട്രാര്‍ എന്നിവരെ ദൈനംദിന പ്രവര്‍ത്തികള്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കാനാകും. നടപടി ഉണ്ടായില്ലെങ്കില്‍ വിദ്യാര്‍ഥിക്ക് തങ്ങളുടെ പ്രതിനിധികള്‍ വഴി സിന്‍ഡിക്കേറ്റ് യോഗത്തിലും പ്രശ്‌നം ഉന്നയിക്കാം. എന്നാല്‍ ഭക്ഷണം കഴിച്ച ശേഷം ആരോഗ്യ പ്രശ്‌നങ്ങളൊക്കെയുണ്ടായാല്‍ അടിയന്തര നടപടിക്ക് ഭക്ഷ്യ സുരക്ഷ വകുപ്പില്‍ വേണമെങ്കിലും പരാതിപ്പെടാമെന്നും സിദ്ദിഖ് പറഞ്ഞു.
പരാതി വരുന്ന വഴി
സ്റ്റുഡൻ്റ് സര്‍വിസസ് വകുപ്പ് ഡയറക്‌ടര്‍ക്ക് ഒരു വിദ്യാര്‍ഥി പരാതി നല്‍കിയ ശേഷം ഇത് പരിശോധിച്ച് വരുമ്പോഴാകും മറ്റിടങ്ങളില്‍ നിന്നും ഇതേ പരാതിയില്‍ നടപടി ആവശ്യപ്പെട്ടുള്ള കത്ത് തൻ്റെ ഓഫീസിലെത്തുന്നതെന്ന് സിദ്ദിഖ് പറയുന്നു. തനിക്ക് പരാതി നല്‍കിയ ശേഷം രജിസ്ട്രാര്‍ക്കും, വിസിക്കും ചിലപ്പോള്‍ ചാന്‍സലര്‍ക്കും ഉള്‍പ്പെടെ ഇതേ വിദ്യാര്‍ഥി പരാതി നല്‍കും.
നടപടി സ്വീകരിക്കാനുള്ള ഔദ്യോഗിക ചുമതലക്കാരനായ തൻ്റെ ഓഫിസിലേക്ക് ഈ പരാതികള്‍ ഫോര്‍വേഡ് ചെയ്യാന്‍ മാത്രമേ ഇവര്‍ക്ക് കഴിയൂ. മറുപടി നല്‍കേണ്ട ഉത്തരവാദിത്തവും തനിക്കുണ്ട്. തലങ്ങും വിലങ്ങും ഇങ്ങനെ ഒരേ പ്രശ്‌നത്തില്‍ കത്തുകള്‍ വന്ന് കുമിയുമ്പോള്‍ ഓഫിസിലെ പണി ഇരട്ടിയാകും. യഥാര്‍ഥ പ്രശ്‌നത്തിലേക്ക് ഇടപെടാനുള്ള സമയം കൂടി കത്തിന് മറുപടി നല്‍കി നഷ്‌ടപ്പെടുമെന്നും സിദ്ദിഖ് പറഞ്ഞു.
സുന്ദരം ജനാധിപത്യം
മെസുകളുടെ ജനാധിപത്യപരമായ നടത്തിപ്പ് യാതൊരു പരാതിക്കും ഇടം നല്‍കാത്ത പ്രവണതയാണ് കണ്ട് വരുന്നതെന്ന് സിദ്ദിഖ് പറയുന്നു. തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റല്‍ മെസ് ഇതിന് ഉത്തമ ഉദാഹരമാണ്. മെസ് സെക്രട്ടറിയെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലൂടെ തീരുമാനിച്ച ശേഷം ഒരു വര്‍ഷം മുഴുവന്‍ മെസ് കമ്മിറ്റി തെരഞ്ഞെടുപ്പ് സെക്രട്ടറിയുടെ ചുമതലയാണ്.
ഓരോ ആഴ്‌ചയിലും പുതിയ കമ്മിറ്റികളെത്തി ഭക്ഷണത്തിൻ്റെ മെനു ഉള്‍പ്പെടെ തീരുമാനിക്കും. നല്ല ഭക്ഷണം നല്‍കുന്ന കമ്മിറ്റിയെ വിദ്യാര്‍ഥികള്‍ തന്നെ വീണ്ടും തെരഞ്ഞെടുക്കും. ഭക്ഷണം പാകം ചെയ്യാന്‍ വേണ്ട ജോലിക്കാരെ സര്‍വകലാശാല നല്‍കുന്ന രീതിയാണെന്നും സിദ്ദിഖ് പറഞ്ഞു.
Also Read:എന്നാലും എന്‍റെ മുരിങ്ങേ...!!!; സാമ്പാറിന് ഇനി രുചി കുറയും, കിലോയ്ക്ക് 550 ന് മുകളില്‍