എറണാകുളം:ചരിത്രത്തിലെങ്ങുമില്ലാത്ത കൊടുംചൂടിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഉഷ്‌ണ തരംഗത്തിൽ ഇതുവരെ ജീവഹാനി സംഭവിച്ചത് 497 മൃഗങ്ങൾക്കാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ക്ഷീരകർഷകർക്ക് അവരുടെ അന്നദാതാക്കളായ പശുക്കളുടെ നഷ്‌ടം താങ്ങാവുന്നതിനും അപ്പുറമാണ്.
വളർത്തുമൃഗങ്ങൾ, പക്ഷികൾ തുടങ്ങി മൃഗസംരക്ഷണ മേഖലയെ അപ്പാടെ ഉഷ്‌ണ തരംഗം തകർത്തുകളഞ്ഞു. കർഷകർക്ക് സംഭവിച്ച നഷ്‌ടങ്ങൾക്ക് സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉടനടി ലഭിക്കാവുന്ന സഹായ നടപടികളെക്കുറിച്ചും ക്ഷീര മേഖലയിൽ മൃഗസംരക്ഷണ വകുപ്പ് പ്രാബല്യത്തിൽ കൊണ്ടുവരാൻ പോകുന്ന ഇൻഷുറൻസ് അടക്കമുള്ള പദ്ധതികളെക്കുറിച്ചും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഇടിവി ഭാരതിനോട് പ്രതികരിച്ചു.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറും കൊല്ലം ജില്ല ചീഫ് വെറ്റിനറി സർജനുമായ ഡോ. ഷൈൻ കുമാർ ഇടിവി ഭാരതിന് വേണ്ടി മന്ത്രിയുമായി നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ
പക്ഷി മൃഗാദികൾക്കായി ഹീറ്റ് ആക്ഷൻ പദ്ധതി...സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മൃഗസംരക്ഷണ വകുപ്പും ചേർന്ന് അത്യുഷ്‌ണത്തിൽ കേരളത്തിലെ പക്ഷി മൃഗാദികൾക്ക് വേണ്ടി ഒരു ഹീറ്റ് ആക്ഷൻ പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാനം ആദ്യമായാണ് ഇത്തരത്തിൽ ഒരു വേനൽക്കാലത്തെ നേരിടുന്നത്. കേരളത്തിലെ അങ്ങോളമിങ്ങോളം കണക്കുകൾ പരിശോധിച്ചപ്പോൾ പശുക്കൾ അടക്കം 497 ലൈവ് സ്റ്റോക്കുകൾക്കാണ് ജീവഹാനി സംഭവിച്ചിരിക്കുന്നത്. ഇതിൽ ഏറെ ബാധിക്കപ്പെടുന്ന വിഭാഗം ക്ഷീര കർഷകരാണ്.
സംസ്ഥാനത്തുടനീളം ഉള്ള മൃഗസംരക്ഷണ /ക്ഷീരസംരക്ഷണ ഉദ്യോഗസ്ഥർക്ക് ഇതിനോടകം ഡിപ്പാർട്ട്മെന്‍റ് കൃത്യമായ മാർഗനിർദേശം നൽകിക്കഴിഞ്ഞു. പശുക്കളെ നഷ്‌ടപ്പെട്ട ക്ഷീര കർഷകരെ സഹായിക്കുന്നതിന്‍റെ ഭാഗമായി ആദ്യം കൃത്യമായ ഒരു കണക്കെടുപ്പ് നടത്തുകയും മൃഗങ്ങളെ നഷ്‌ടപ്പെട്ട കർഷകർക്ക് വരും ദിവസങ്ങളിൽ സഹായ ലഭ്യത്തിന് ആവശ്യമായ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. ഇത്തരത്തിലുള്ള ദുരന്തങ്ങൾ സംഭവിക്കുമ്പോൾ സഹായങ്ങൾക്ക് കേന്ദ്ര ദുരന്തനിവാരണ ഫണ്ടും സംസ്ഥാന ദുരന്തനിവാരണ ഫണ്ടും ചേർത്താണ് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാറ്.
കേന്ദ്ര ഫണ്ടിനെ കുറിച്ച് ഇപ്പോൾ ചിന്തിച്ചിരുന്നാൽ ധ്രുദഗതിയിലുള്ള പ്രവർത്തനങ്ങൾക്ക് സാധിക്കുകയില്ല. അതുകൊണ്ടുതന്നെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ടും സംസ്ഥാന സർക്കാർ പദ്ധതിക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്ന തുകയും ചേർത്ത് വിനിയോഗിക്കാനാണ് ആലോചിക്കുന്നത്. സംസ്ഥാനത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് എല്ലാവർക്കും എല്ലാ അർഥത്തിലും സഹായം ചെയ്യുക സാധ്യമല്ല. അതുകൊണ്ടുതന്നെ നഷ്‌ടം സംഭവിച്ച ക്ഷീരകർഷകർക്ക് ഒരു നഷ്‌ടപരിഹാര തുക നൽകി അടിയന്തരമായി പ്രവർത്തനങ്ങൾ തുടങ്ങാൻ തന്നെയാണ് ഉദ്ദേശം.
ചൂട് കൂടുമ്പോൾ മുന്നറിയിപ്പുമെത്തും... കേരളത്തിലെ പല ജില്ലകളിൽ ചൂട് അധികരിക്കുമ്പോൾ അതിനനുസരിച്ച് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം സജ്ജമാണ്. ആദ്യഘട്ടത്തിൽ 5 ലക്ഷത്തോളം ഭവനങ്ങളിൽ പ്രദേശത്ത് ചൂട് അധികരിക്കുമ്പോൾ ടെലി കമ്മ്യൂണിക്കേഷൻ സിസ്റ്റം വഴി മുന്നറിയിപ്പ് എസ്എംഎസ് ആയി ലഭിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ നിലനിൽക്കുന്നത് കൊണ്ട് മേൽപ്പറഞ്ഞ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിച്ചിട്ടില്ല. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങും പരിഗണനയിലാണ്.
കാലാവസ്ഥ വ്യതിയാനങ്ങൾ കൃത്യതയോടെ മനസിലാക്കാൻ സാധിക്കുന്ന ടെക്നോളജി നമുക്കുണ്ട്. കേരളത്തിലെ ഐടി വിഭാഗവുമായി വകുപ്പ് കൈകോർത്ത് സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ കർഷകർക്ക് കൂടുതൽ മുൻകരുതൽ എടുക്കുവാൻ സാധിക്കും.
ചൂടുകാലം തുടങ്ങുന്നതിനു മുമ്പ് തന്നെ കേരളത്തിലെ മൃഗാശുപത്രികൾക്ക് വകുപ്പിന്‍റെ ഭാഗത്തുനിന്ന് കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിരുന്നു. അരുമ മൃഗങ്ങൾ, അരുമപ്പക്ഷികൾ, പശുക്കൾ തുടങ്ങി ഏത് ലൈവ് സ്റ്റോക്ക് ഇനങ്ങൾക്കും സൂര്യതാപം അടക്കമുള്ള ഗുരുതര പ്രശ്‌നങ്ങൾ ഏർപ്പെട്ടാൽ കൃത്യമായി ചികിത്സ നൽകാനും ആവശ്യമായ മരുന്നുകൾ കരുതിവയ്‌ക്കാനും പരമാവധി പക്ഷി മൃഗാദികളുടെ ജീവൻ സംരക്ഷിച്ചു നിലനിർത്തുവാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വെല്ലുവിളിയായി പച്ചപ്പുല്ല്, ജല ദൗർലഭ്യം... കേരളത്തിൽ ഇപ്പോൾ നേരിടുന്ന മറ്റൊരു പ്രശ്‌നം പച്ചപ്പുല്ലിന്‍റെ ദൗർലഭ്യമാണ്. ചൂടുകാലമായതുകൊണ്ട് പച്ചപ്പുൽകൃഷിയിൽ ഗണ്യമായ കുറവുണ്ടായി. ഒപ്പം ജല ദൗർലഭ്യവും. സർക്കാർ ഫണ്ട് വകയിരുത്തി പഞ്ചായത്തുകളിൽ നിന്നും മൃഗങ്ങൾക്കും മനുഷ്യർക്കും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി നടപ്പിലാക്കിയിരുന്നു.
പാലുൽപാദനത്തിലും കുറവ്... സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രതിസന്ധി ആവശ്യമായ പാലുൽപാദനത്തിൽ ഏകദേശം 6 ലക്ഷത്തോളം ലിറ്റർ പ്രതിദിനം കുറവുണ്ട് എന്നതാണ്. പാൽ ഉൽപാദന മേഖലയിൽ സ്വയം പര്യാപ്‌തത നേടാനും പാലുൽപാദനം വർധിപ്പിക്കാനുമുള്ള പദ്ധതി വേനൽക്കാലം തുടങ്ങുന്നതിന് മുൻപ് തന്നെ ആരംഭിച്ചിരുന്നു. പദ്ധതി ലക്ഷ്യം വച്ചുള്ള പ്രവർത്തനത്തിൽ സംസ്ഥാനത്ത് പുരോഗതി കണ്ടതുമാണ്.