തിരുവനന്തപുരം:സംസ്ഥാനത്തെ സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ഒക്ടോബർ മാസത്തെ പെൻഷൻ അനുവദിച്ച് സർക്കാർ. വരുന്ന ബുധനാഴ്‌ച (നവംബർ 6) മുതൽ പെൻഷൻ വിതരണം തുടങ്ങുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴിയും ഈ ആഴ്‌ചയിൽതന്നെ തുക കൈകളിൽ എത്തും.
സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പ്രതിമാസ ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. കഴിഞ്ഞ മാർച്ച് മുതൽ എല്ലാ മാസവും പെൻഷൻ നൽകുന്നുണ്ട്. ഓണത്തിന്‍റെ ഭഗമായി മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്‌തിരുന്നു. പെൻഷൻ വിതരണത്തിന് ഈ സർക്കാർ അനുവദിച്ചത് 33,000 കോടി രൂപയാണ്. നാമമാത്രമായ കേന്ദ്ര വിഹിതം 2023 ജൂലൈ മുതൽ കുടിശികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.