പ്രവേശനോത്സവം 2024 (ETV Bharat) തിരുവനന്തപുരം: കലാപരിപാടികൾ ഒരുക്കിയും മധുരം വിളമ്പിയും അക്ഷരലോകത്തേക്ക് കുരുന്നുകൾക്ക് വരവേൽപ്പ്. തിരുവനന്തപുരം ജില്ലയിലെ പ്രധാന സ്‌കൂളായ കോട്ടൺഹിൽ എൽപി സ്‌കൂളിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ വിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌തു.
കാട്ടാക്കട മീനാങ്കൽ ട്രൈബൽ സ്‌കൂളിൽ ഭക്ഷ്യമന്ത്രി ജി.ആർ അനിലാണ് ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌തത്. തൈക്കാട് എൽപിഎസിൽ തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ രാജു എന്നിവർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തി.
ഇത്തവണ എറണാകുളം എളമക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു സംസ്ഥാന തലത്തിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌തത്. കൃത്യം 9:30 ന് നടന്ന ഉദ്ഘാടന ചടങ്ങ് സ്‌കൂളുകളിലെ സ്ക്രീനുകളിൽ ലൈവായി പ്രദർശിപ്പിച്ചു. തുടർന്ന് കലാപരിപാടികളും മധുര വിതരണവും നടന്നു.
സംസ്ഥാനത്ത് 6823 എൽപി സ്‌കൂളുകളിലാണ് ഇത്തവണ പ്രവേശനോത്സവം. ഇതിൽ 2597 സ്‌കൂളുകൾ സർക്കാർ എൽപി എസുകളാണ്. എയ്‌ഡഡ് മേഖലയിൽ 3903 എൽപി സ്‌കൂളുകളും അൺ എയ്‌ഡഡ് മേഖലയിൽ 323 എൽപി സ്‌കൂളുകളുമാണുള്ളത്. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്എസ് എന്നീ വിഭാഗങ്ങളിലായി സർക്കാർ മേഖലയിൽ 5777 സ്‌കൂളുകളും എയ്‌ഡഡ് മേഖലയിൽ 8182 സ്‌കൂളുകളും അൺ എയ്‌ഡഡ് മേഖലയിൽ 1455 സ്‌കൂളുമാണുള്ളത്.
Also Read:പുതുതലമുറയുടെ വിദ്യാഭ്യാസം സമൂഹത്തിന്‍റെയാകെ കടമ, അക്കാദമിക രംഗത്ത് മാറ്റങ്ങള്‍ വേണം : മുഖ്യമന്ത്രി