ചിന്നക്കനാലിൽ സന്ദർശനം നടത്തി ഫോറസ്റ്റ് (Source: Reporter) ഇടുക്കി: ചിന്നക്കനാലിലെയും മൂന്നാറിലെയും മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഫോറസ്‌റ്റ് ഉദ്യോഗസ്ഥരുടെ കൂട്ടായ്‌മയായ കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്‌ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന നേതൃത്വം ചിന്നക്കനാലിൽ സന്ദർശനം നടത്തി. ജനപ്രതിനിധികളുമായും നാട്ടുകാരുമായും സംഘം സംവദിച്ചു. തുടർന്ന് കാട്ടാനക്കൂട്ടത്തെ നിരീക്ഷിച്ച സംഘം മേഖലയിൽ നടപ്പാക്കേണ്ട സുരക്ഷ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ടും പൂർത്തിയാക്കി.
രാവിലെ ചിന്നക്കനാൽ പഞ്ചായത്ത് ഓഫിസിൽ വച്ചാണ് ജനപ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയത്. തുടർന്ന് നാട്ടുകാരുമായി സംവദിച്ചു. തങ്ങളുടെ പ്രതിസന്ധിയും നിസഹായതയും നാട്ടുകാർ സംഘങ്ങളോട് വിവരിച്ചു. ആനകളെയും സംഘം നേരിട്ട് നിരീക്ഷിച്ചു. മേഖലയിൽ വരുത്തേണ്ട സുരക്ഷ മുൻകരുതലുകളെ കുറിച്ച് സംഘം റിപ്പോർട്ട് തയ്യാറാക്കി.
റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്, ചിന്നക്കനാലിലെ മൊട്ടക്കുന്നുകളിൽ വാച്ച് ടവറുകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തണം. വാച്ച് ടവറുകൾക്ക് സമീപമായി ലേസർ മുന്നറിയിപ്പ് സംവിധാനം എ ഐ ക്യാമറ നിരീക്ഷണം എന്നിവയും ഒരുക്കണം. ചിന്നക്കനാൽ ആർആർടി ഇപ്പോൾ പ്രവർത്തിക്കുന്നത് ഇടുങ്ങിയ പഴയ സെക്ഷൻ ഓഫിസിലാണ്. പുതിയ കെട്ടിടം പണിത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഈ റിപ്പോർട്ട് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർക്കും ഗവൺമെന്‍റിലും സമർപ്പിക്കും. ഗവൺമെന്‍റ് ഇടപെടൽ ഉണ്ടായാൽ മേഖലയിലെ പ്രതിസന്ധികൾ ഒരു പരിധിവരെയെങ്കിലും പരിഹരിക്കാൻ ആവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Also Read:തൃശൂർ വരവൂർ പൂങ്ങോട് വനത്തിൽ വൻ അഗ്നി ബാധ; അഗ്നിശമന സേനയുടെ വാഹനം വനത്തിലെത്താനാകാതെ തിരിച്ചു പോയി