തിരുവനന്തപുരം : കേരളത്തിന്‍റെ താപനില പതിവിലും ഉയര്‍ന്നതിന്‍റെ തലവേദനയിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ്. അത്യുഷ്‌ണം അതിരുകടക്കുന്നതുകാരണം കഴിഞ്ഞ ഒരാഴ്‌ചയിലേറെയായി സംസ്ഥാനത്തെ വൈദ്യുത ഉപഭോഗം ശരാശരി 100 ദശലക്ഷം യൂണിറ്റായി തുടരുകയാണ്. വൈദ്യുതി ബോര്‍ഡ് നേരത്തെ ഏര്‍പ്പെട്ടിരുന്ന ദീര്‍ഘകാല കരാറുകളില്‍ നിന്ന് പിന്‍മാറിയതുകാരണം നിലവിലെ ധാരണ പ്രകാരം പ്രതിദിനം 12 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ 10 മുതല്‍ 13 രൂപ വരെ ഉയര്‍ന്ന വില യൂണിറ്റിന് നല്‍കി വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. സാഹചര്യം ഇനിയും ഗുരുതരമായാല്‍ വൈദ്യുതി ബോര്‍ഡ് ഉയര്‍ന്ന വില നല്‍കി വാങ്ങേണ്ടി വരും.
സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം ഇങ്ങനെ
മാര്‍ച്ച് 15ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 101.19 ദശലക്ഷം യൂണിറ്റായിരുന്നു. രാത്രി 10.30 നാണ് ഉയര്‍ന്ന വൈദ്യുത ഉപഭോഗം ഉണ്ടായത്. 4937 മെഗാവാട്ടായിരുന്നു ഈ സമയത്തെ വൈദ്യുത ഉപഭോഗം. അതിന് തൊട്ടുപിന്നില്‍ കൂടുതൽ വൈദ്യുത ഉപഭോഗം ഉണ്ടായത് വൈകിട്ട് 4.30നാണ് - 4449 മെഗാവാട്ട്. ഇതേദിവസം പുലര്‍ച്ചെ ആറുമുതല്‍ 6.30 വരെയാണ് ഉപഭോഗത്തില്‍ മൂന്നാം സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത് - 3837 മെഗാവാട്ട്.
മാര്‍ച്ച് 14 നും സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുത ഉപഭോഗമായിരുന്നു. 101.54 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് അന്ന് സംസ്ഥാനം ഉപയോഗിച്ചത്. അന്നും ഏറ്റവും ഉയര്‍ന്ന വൈദ്യുത ഉപഭോഗം രാത്രി 10നും 10.30നും ഇടയിലായിരുന്നു. 5076 മെഗാവാട്ടായിരുന്നു ഈ നേരത്തെ വൈദ്യുത ഉപഭോഗം. തൊട്ടുപിന്നില്‍ വൈകിട്ട് 4.30 മുതല്‍ 5 മണിവരെയും പുലര്‍ച്ചെ 7 മുതല്‍ 7.30 വരെയും ആയിരുന്നു.
സംസ്ഥാനത്തെ വൈദ്യുത ഉപഭോഗത്തിന്‍റെ സര്‍വകാല റെക്കോര്‍ഡ് 2023 ഏപ്രില്‍ 19ന് ആയിരുന്നു. അന്ന് 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനം ഉപയോഗിച്ചത്. മാര്‍ച്ച് 13 നും സംസ്ഥാനം 100 ദശലക്ഷം യൂണിറ്റിനുമുകളില്‍ വൈദ്യുതി ഉപയോഗിച്ചു. 101.84 ദശലക്ഷം യൂണിറ്റായിരുന്നു അന്നത്തെ വൈദ്യുത ഉപഭോഗം.
സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം : ഇടുക്കി, ശബരിഗിരി, ഇലയാര്‍, ഷോളയാര്‍, പള്ളിവാസല്‍, കുറ്റ്യാടി, പന്നിയാര്‍, നേര്യമംഗലം, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കുത്ത്, ചെങ്കുളം, കക്കാട്, കല്ലട, മലങ്കര, മണിയാര്‍, കുത്തുങ്ങല്‍ എന്നീ ജല വൈദ്യുത പദ്ധതികളില്‍ നിന്നാണ് സംസ്ഥാനത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇത്രയും ജലവൈദ്യുത പദ്ധതികളില്‍ നിന്ന് മാര്‍ച്ച് 15 ന് ഉത്പാദിപ്പിച്ചത് 15.90 ദശലക്ഷം യൂണിറ്റാണ്.
ഏറ്റവും വലിയ ജല വൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ നിന്ന് 4.75 ദശലക്ഷം യൂണിറ്റും ശബരിഗിരിയില്‍ നിന്ന് 4.39 ദശലക്ഷം യൂണിറ്റും ഉത്പാദിപ്പിച്ചു. മറ്റ് ജല വൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം ഒരു ദശലക്ഷം യൂണിറ്റില്‍ താഴെയാണ്. സംസ്ഥാനത്തെ അന്നത്തെ ആകെ ഉപഭോഗമാകട്ടെ 101.19 ദശലക്ഷം യൂണിറ്റും.