തിരുവനന്തപുരം: സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി പി സുനീർ എൽഡിഎഫിന്‍റെ രാജ്യസഭ സ്ഥാനാർഥിയാകും. സിപിഐ സംസ്ഥാന നേതൃയോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പി പി സുനീറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ചേർന്ന ഇടതുമുന്നണി യോഗത്തിൽ കേരള കോൺഗ്രസ് എമ്മിനും സിപിഐക്കും രാജ്യസഭ സീറ്റുകൾ വിട്ടു നൽകാൻ തീരുമാനിച്ചതായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ തന്നെ വ്യക്തമാക്കിയതാണ്. ഇതിന് തൊട്ട് പിന്നാലെയാണ് പി പി സുനീറിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്.
ഇടതു മുന്നണിയിലെ പാർട്ടികൾ ഒഴിവ് വരുന്ന രാജ്യസഭ സീറ്റുകളിൽ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ സിപിഐഎം സീറ്റ് വിട്ടു നൽകുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ച പി പി സുനീർ സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി കൂടിയാണ്. രാജ്യസഭ സീറ്റിൽ വിട്ടു വീഴ്‌ചയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.