തിരുവനന്തപുരം:പാലക്കാട് റെയില്‍വേ ഡിവിഷന്‍ മംഗലൂരു കേന്ദ്രമാക്കി വിഭജിക്കാന്‍ നീക്കമില്ലെന്ന് റെയില്‍വേ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിന്‍റെ ആശങ്കയുണര്‍ത്തുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് വീണ്ടുമൊരു കേന്ദ്ര ബജറ്റ് എത്തുന്നത്. അങ്കമാലി - ശബരി റെയില്‍പാതയുടെ അവസ്ഥയ്ക്കും പുരോഗതിയില്ല. ഇതിന് ബദലായി റെയില്‍വേ പരിഗണിക്കുന്ന ചെങ്ങന്നൂര്‍ - പമ്പ റെയില്‍പാത ഇപ്പോള്‍ സര്‍വേ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇതുള്‍പ്പെടെ ഈ ബജറ്റില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിവേദനത്തിന്‍റെ വിശദാംശങ്ങള്‍ ഇങ്ങനെ...
പരശുറാം എക്‌സ്പ്രസിന് കൂടുതല്‍ ബോഗികള്‍:കന്യാകുമാരി - മംഗലാപുരം പരശുറാം എക്‌സ്പ്രസിന് കൂടുതല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്‍റെ ദീര്‍ഘകാലത്തെ ആവശ്യത്തിന്‍റെ ഫലമായി രണ്ട് പുതിയ കോച്ചുകള്‍ അനുവദിച്ചെങ്കിലും തിരക്ക് പരിഗണിച്ച് കൂടുതല്‍ കോച്ചുകള്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷൊര്‍ണ്ണൂര്‍ - കണ്ണൂര്‍ പാസഞ്ചര്‍:നിലവില്‍ ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള പാസഞ്ചര്‍ തീവണ്ടി കാസര്‍കോട് വരെ നീട്ടുക എന്നത് കേരളം ഏറെക്കാലമായി ആവശ്യപ്പെട്ട് വരികയാണ്.
അങ്കമാലി - എരുമേലി ശബരി പാത:അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനിലെത്തുന്ന ശബരിമല തീര്‍ഥാടകര്‍ നിലവില്‍ ചെങ്ങന്നൂര്‍ സ്‌റ്റേഷനിലിറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോകുകയാണ് ചെയ്യുന്നത്. ഇതിനായി അങ്കമാലിയില്‍ നിന്ന് എരുമേലി വഴി പമ്പയിലേക്കുള്ള പാത സംസ്ഥാനത്തിന്‍റെ ആവശ്യമാണ്.
ഇതില്‍ അങ്കമാലി മുതല്‍ എരുമേലി വരെയുള്ള അലൈന്‍മെന്‍റ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് കഴിഞ്ഞു. അങ്കമാലി മുതല്‍ രാമപുരം വരെയുള്ള 70 കിലോമീറ്റര്‍ സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിച്ചെങ്കിലും നിലവില്‍ അത് മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഈ പദ്ധതി അംഗീകരിച്ച് സ്ഥലമെടുപ്പുമായി മുന്നോട്ട് പോകാന്‍ റെയില്‍വേയുടെ അനുമതി സംസ്ഥാനം പ്രതീക്ഷിക്കുന്നു. 145 കീലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിക്ക് 3,810 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.