കേരളം

kerala

ETV Bharat / state

K9 സ്‌ക്വാഡ്, കേരള പൊലീസിന്‍റെ അഭിമാനതാരങ്ങൾ ഇനി പുതുവീട്ടില്‍

K9 സ്‌ക്വാഡിന് സ്വന്തമായി ലഭിച്ച ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിലാണ് പൊലീസിലെ 'പുലിക്കുട്ടികള്‍' ഒരുമിച്ചെത്തിയത്. 1986 ല്‍ ആരംഭിച്ച ഈ ഡോഗ് സ്‌ക്വാഡില്‍ ഇന്ന് ഒൻപത് അംഗങ്ങളുണ്ട്. ഇടുക്കിയുടെ കുറ്റാന്വേഷണ, ദുരന്തനിവാരണ ചരിത്രത്തില്‍ വലിയ സ്ഥാനമാണ് ഇവർക്കുള്ളത്.

By ETV Bharat Kerala Team

Published : Feb 9, 2024, 9:08 PM IST

kerala police dog k9 squad
kerala police dog k9 squad

കേരള പൊലീസിന്‍റെ അഭിമാനതാരങ്ങൾ ഇനി പുതുവീട്ടില്‍

ഇടുക്കി : K9 സ്‌ക്വാഡ്...ഇതൊരു സിനിമ പേരല്ല... കേരള പൊലീസിന്‍റെ മാത്രമല്ല, കേരളത്തിന്‍റെയാകെ അഭിമാനമായ ഡോഗ് സ്‌ക്വാഡ് ആണിത്. 1986 ല്‍ ആരംഭിച്ച ഈ ഡോഗ് സ്‌ക്വാഡില്‍ ഇന്ന് ഒൻപത് അംഗങ്ങളുണ്ട്. 38 വര്‍ഷത്തിന് ശേഷം K9 സ്‌ക്വാഡിന് സ്വന്തമായി ലഭിച്ച ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിലാണ് പൊലീസിലെ 'പുലിക്കുട്ടികള്‍' ഒരുമിച്ചെത്തിയത്.

ഇടുക്കിയുടെ കുറ്റാന്വേഷണ, ദുരന്തനിവാരണ ചരിത്രത്തില്‍ വലിയ സ്ഥാനമാണ് ഇവർക്കുള്ളത്. കുറ്റാന്വേഷണത്തില്‍ ലോക്കല്‍ പൊലീസിനെ ഏറ്റവുമധികം സഹായിച്ചിട്ടുള്ള ലാബ്രഡോര്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെട്ട ട്രാക്കര്‍ നായയായ എസ്‌തേര്‍ കുട്ടിക്കാനത്ത് നടന്ന ഒഡിഷ യുവതിയുടെ കൊലപാതകത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിക്കാന്‍ സഹായിച്ചിരുന്നു.

സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതില്‍ മിടുക്കനായ ചന്തുവും ലാബ് ഇനത്തിലുള്ളതാണ്. സ്ക്വാഡില്‍ ഏറ്റവുമധികം വിഐപി ഡ്യൂട്ടി ചെയ്തിട്ടുള്ളതിന്‍റെ പെരുമയും ചന്തുവിന് തന്നെ. രണ്ടുതവണ അഖിലേന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റില്‍ പങ്കെടുത്തിട്ടുള്ളയാളാണ് കക്ഷി. കേരള പൊലീസിലെ തന്നെ ആദ്യ നാര്‍ക്കോട്ടിക് ഡിറ്റക്ടിങ് നായയാണ് നീലി.

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ നിന്ന് പരിശീലനം ലഭിച്ച ലൈക്ക കഞ്ചാവ് കണ്ടെത്തുന്നതില്‍ പ്രത്യേക വൈദഗ്‌ധ്യമുള്ളയാളാണ്. ബിഗില്‍ ഇനത്തില്‍പ്പെട്ട ഡോണയ്ക്ക് സ്‌ഫോടക വസ്തുക്കള്‍ മണത്തറിയുന്നതിലാണ് കമ്പം. പെട്ടിമുടി, മൂലമറ്റം, കുടയത്തൂര്‍ പ്രകൃതിദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പങ്കുവഹിച്ച ഡോണ, 2021 ലെ കൊക്കയാര്‍ ദുരന്തം, കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍ എന്നിവയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ബെല്‍ജിയം മെനോയിസ് ഇനത്തില്‍പ്പെട്ട എയ്ഞ്ചല്‍, മോഷണം, കൊലപാതകം തുടങ്ങിയ കേസുകളില്‍ ലോക്കല്‍ പൊലീസിനെ സഹായിക്കുന്ന ട്രാക്കര്‍ ഡോഗായ ജൂനോ എന്നിവരും ഇവിടെയുണ്ട്.

ഡ്യൂട്ടിത്തിരക്കില്‍ ഉദ്ഘാടനച്ചടങ്ങിന് എത്താന്‍ കഴിയാതിരുന്ന മാഗി ഓള്‍ ഇന്ത്യ പൊലീസ് ഡ്യൂട്ടിക്കായി ഭോപ്പാലിലാണുള്ളത്. പത്താമനായി ഒരാള്‍കൂടി എത്താനുണ്ട്. കക്ഷി പരിശീലനത്തിലാണ്.

പരിശീലനം: മാഗിയുടെ പരിശീലന ചുമതല ജില്ലയിലെ ഏക വനിത ഹാന്‍ഡ്‌ലറായ എ എസ് ഐ ബിന്ദുവിനാണ്. ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഇടുക്കി K9 സ്വക്വാഡിന്‍റെ ചുമതല നിലവില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പി പയസ് ജോര്‍ജിനാണ്. കെഎപി അസി. കമാന്‍ഡൻഡ് പി ഒ റോയി, റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ റോയ് തോമസ് എന്നിവരാണ് കനൈന്‍ സ്‌ക്വാഡിന്‍റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

സ്‌ക്വാഡിലെ ഓരോ നായക്കും രണ്ട് പരിശീലകരാണുള്ളത്. രണ്ട് നേരം ഫെര്‍മിന എന്ന ഡ്രൈ ഫുഡ് ആണ് ഈ പൊലീസ് നായകള്‍ക്ക് നല്‍കുന്നത്. പിന്നെ ആവശ്യത്തിന് വെള്ളവും. സ്‌ക്വാഡില്‍ ഭൂരിപക്ഷം ലാബ്രഡോര്‍ റിട്രീവര്‍ വിഭാഗത്തിനാണ്. ഇവര്‍ അഞ്ചുപേരുണ്ട്. കുയിലിമല എആര്‍ ക്യാമ്പിന് സമീപത്ത് 3100 ചതുരശ്രയടി വലുപ്പത്തില്‍ 82 ലക്ഷം രൂപ ചെലവിലാണ് പുതിയ ആസ്ഥാന മന്ദിരം നിര്‍മിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details