കാസർകോട്: കാഞ്ഞങ്ങാട്ട് നിന്ന് ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്‌ത് പുതിയവളപ്പിലെ ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തുമ്പോള്‍ ക്രിസ്‌മസ് വെക്കേഷന്‍ കഴിഞ്ഞെത്തിയ കുട്ടികളുടെ തിരക്കാണ്. മെയ് വഴക്കത്തോടെ ചുവടൊപ്പിച്ച് ചാഞ്ഞും ചെരിഞ്ഞും മറിഞ്ഞും കോല്‍ക്കളി പരിശീലിക്കുകയാണ് ഓഡിറ്റോറിയത്തില്‍ ആണ്‍കുട്ടികളുടെ സംഘം. വായ്‌ത്താരിയും കോലടിയും കോലടക്കവും വീണ്ടും വീണ്ടും പ്രാക്‌ടീസ് ചെയ്‌ത് മിനുക്കുകയാണ് അവര്‍ 12 പേര്‍. ദ്രുത താളത്തിലുള്ള ഓരോ കളിയുടേയും അവസാനത്തിലുള്ള കൊടുത്തു പോക്കും തേച്ചു മിനുക്കുകയാണ് കോല്‍ക്കളി ടീം.
തൊട്ടപ്പുറത്ത് ഒപ്പന ടീം പരിശീലനത്തിലാണ്. താളവും കൈയടിയും ഒരുമിച്ചൊന്നായി ഇഴുകിക്കഴിഞ്ഞു. ഇനി നിരന്തര അഭ്യാസത്തിലൂടെ അവതരണം കൂടുതല്‍ തേച്ചു മിനുക്കണം. ലീഡ് പാടുന്നവരും കോറസുമൊക്കെ ഒപ്പമുണ്ട്. സാഹിത്യത്തിനും ഇശലിനുമൊക്കെ മാര്‍ക്കുണ്ട്. ഇശലിനൊപ്പിച്ച് ചായലും മുറുക്കവും ഇടമുറുക്കവും മുറുക്കത്തില്‍ തുണ്ടും മുറുക്കത്തില്‍ തുണ്ടു ചാട്ടവുമൊക്കെ ഒപ്പന ടീമിന് ഹൃദിസ്‌ഥമാണ്. ഒരു പോയിന്‍റും വിട്ടു പോകാതെ മണവാട്ടിയും തോഴിമാരും അവസാന മിനുക്കു പണികളിലാണ്. കഴിഞ്ഞ തവണ കൊല്ലത്ത് നടന്ന സംസ്ഥാന കലോല്‍സവത്തിലും ഒപ്പനയില്‍ സ്‌കൂള്‍ ടീം മികച്ച പ്രകടനം കാഴ്‌ചവെച്ചിരുന്നു.
കേളികളാടി മുദാരാഗ മാലകള്‍ പാടി കരംകൊട്ടി .... തിരുവാതിര ടീം പിന്‍പാട്ടിനൊത്ത് ചുവടുവയ്ക്കുകയാണ്. ചലനത്തിലും ചുവടുകളിലുമൊക്കെ പ്രത്യേക ശ്രദ്ധപുലര്‍ത്തി ടീമിലെ ഓരോ അംഗങ്ങളും പരസ്‌പരം തിരുത്തി വീണ്ടും വീണ്ടും പരിശീലിക്കുകയാണ്. മാര്‍ഗം കളി ടീമും ശക്തമായ മത്സരം കാഴ്‌ച വെക്കാന്‍ പരിശീലനത്തിലാണ്.
വര്‍ഷാന്തപ്പരീക്ഷയ്ക്ക് ഇനി ഏറെയില്ല. അതിനുമുമ്പ് മറ്റൊരു പരീക്ഷയ്‌ക്കൊരുങ്ങുകയാണ് ഈ വിദ്യാലയത്തില്‍ നിന്നുള്ള സംഘം. വര്‍ഷങ്ങളായി മുടക്കം കൂടാതെ തുടരുന്ന ആ പതിവ് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ ഇത്തവണയും തെറ്റിച്ചില്ല. ജില്ലാ ചാമ്പ്യന്മാരായി സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മാറ്റുരക്കാന്‍ സംസ്ഥാനത്തിന്‍റെ വടക്കേ അറ്റത്തു നിന്ന് തെക്കേ അറ്റത്തുള്ള തിരുവനന്തപുരത്തേക്ക് വണ്ടി കയറാനൊരുങ്ങുകയാണ് ഇവിടത്തെ കലാകാരന്മാരും കലാകാരികളും.
ഇത്തവണ തങ്ങള്‍ ഓവറോള്‍ കിരീടവുമായാണ് തിരുവനന്തപുരത്തു നിന്ന് തിരിച്ചെത്തുകയെന്ന് മല്‍സരാര്‍ത്ഥികളിലൊരാളായ ചിന്മയ ബാബുരാജ് ഇടിവി ഭാരതിനോട് പറഞ്ഞു. ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ സംസ്ഥാന കലോത്സവത്തില്‍ നിരവധി ഓവറോള്‍ കിരീടം നേടിയ പാരമ്പര്യമുണ്ട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി ടീമിന്. കഴിഞ്ഞ 40, 45 വർഷത്തോളമായി സബ് ജില്ലാതല ഓവറോളും ജില്ലാതല ഓവറോളും നേടി മുന്നേറിക്കൊണ്ടിരിക്കുന്ന സ്‌കൂളാണ് ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ. കഴിഞ്ഞ വർഷങ്ങളിൽ മൂന്ന് നാല് തവണ സംസ്ഥാനതല സ്‌കൂൾ ചാമ്പ്യൻഷിപ്പിന് അർഹരായ സ്‌കൂളാണിത്. മാസങ്ങളോളം നീണ്ട പരിശീലനത്തിന് ശേഷം വിദ്യാർഥികൾ വേദിയിലെത്താൻ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്.
ഏറെ പുതുമകളോടെ നടക്കുന്ന ഇക്കൊല്ലത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കപ്പടിക്കാന്‍ കച്ച കെട്ടിയാണ് ഓരോ സ്‌കൂളും തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്. സ്വർണക്കപ്പ് ലക്ഷ്യമിട്ടാണ് ഓരോ ജില്ലയും കലോത്സവ വേദിയിലെത്തുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
1948 ല്‍ സ്ഥാപിക്കപ്പെട്ട ദുര്‍ഗാ ഹൈസ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ശുഭപ്രതീക്ഷയോടെ തന്നെ ഈ വർഷവും കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറാനുള്ള തയ്യാറെടുപ്പിലാണ് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ.
തിരുവനന്തപുരത്ത് ജനുവരി നാല് മുതൽ എട്ട് വരെയാണ് സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നത്. 2016ന് ശേഷമാണ് തിരുവനന്തപുരം വീണ്ടും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.
Also Read: ചെസ്റ്റ് നമ്പേഴ്‌സ് പ്ലീസ് നോട്ട്...; കലോത്സവത്തിലെ ജഡ്ജ്മെന്‍റ് എങ്ങനെ