ന്യൂഡല്‍ഹി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം രാജ്യസഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്, ഇടത് എംപിമാര്‍. അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ഇരകളായവരുടെ കുടുംബങ്ങൾക്ക് കൂടുതല്‍ നഷ്‌ടപരിഹാരം അനുവദിക്കണമെന്നും എംപിമാര്‍ പറഞ്ഞു. അതേസമയം വയനാട്ടില്‍ ദുരന്ത ബാധിത മേഖലയ്ക്ക് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന പ്രതിപക്ഷത്തിന്‍റെ വാദം തെറ്റാണെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്ന് പറഞ്ഞ റിജുജു പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കായി സംസ്ഥാന സർക്കാരിന് ഇതിനോടകം തന്നെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനത്തിലാണെന്നും കിരണ്‍ റിജിജു പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കേന്ദ്രം ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.