കോഴിക്കോട്: സംസ്ഥാനം ജനവിധി തേടി പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ കന്നിവോട്ട് മൂക്ക് കൊണ്ട് രേഖപ്പെടുത്തി തന്‍റെ സമ്മതിദാനാവകാശം വിനിയോഗിച്ചിരിക്കുകയാണ് ആസിം വെളിമണ്ണ. കാലിലെ തള്ള വിരലിൽ മഷി പുരട്ടിയാണ് 90% ശാരീരിക വൈകല്യമുള്ള ആസിം വോട്ട് രേഖപ്പെടുത്തിയത്. വെളിമണ്ണ ഗവൺമെന്‍റ് യുപി സ്‌കൂളിലെ 43-ാം ബൂത്തിലാണ് ആസിം വോട്ട് ചെയ്‌തത്.
കോഴിക്കോട് വെളിമണ്ണ സ്വദേശിയായ ആസിമിന് ജന്മന ഇരു കൈകളുമില്ല. കൂടാതെ വലതുകാലിന് ബലക്ഷയവുമുണ്ട്. ശാരീരിക പരിമിതികൾ ഏറെയുള്ള ആസിമിന് വീൽചെയറിലേ സഞ്ചരിക്കാനാകൂ. താടിയെല്ല് വളഞ്ഞ ആസിമിന് പല്ലുകൾ, വായ, കേൾവി എന്നിവയ്ക്കും പ്രശ്‌നങ്ങളുണ്ട്.
എങ്കിലും തന്‍റെ പരിമിതികളെ മറികടന്ന് മുന്നോട്ട് പോയ ബാല്യവും കൗമാരവുമാണ് ആസിമിനുള്ളത്. ഇപ്പോൾ 18 തികഞ്ഞപ്പോൾ വോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ് ആസിം. ശാരീരിക പരിമിതികൾക്കിടയിലും പോളിങ് സ്‌റ്റേഷനിലെത്തി മൂക്ക് കൊണ്ട് ഇവിഎം ബട്ടൺ അമർത്തി തന്‍റെ സമ്മതിദാനാവകാശം വിനിയോഗിച്ച ആസിം നമ്മുടെ സമൂഹത്തിന് തന്നെ മാതൃകയായിരിക്കുകയാണ്.