തിരുവനന്തപുരം: ഇന്ത്യന്‍ വ്യാവസായിക രംഗത്ത് സാമൂഹിക പ്രതിബദ്ധതയുടെ പുത്തന്‍ ഭാഷ്യം രചിച്ച വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് കേരള നിയമസഭ സ്‌പീക്കര്‍ എ എന്‍ ഷംസീര്‍. രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ ആദരമര്‍പ്പിച്ച് കേരള നിയമസഭയില്‍ നടത്തിയ ചരമോപചാരത്തിലാണ് സ്‌പീക്കറുടെ അനുസ്‌മരണം.
1991 ല്‍ ടാറ്റ ഗ്രൂപ്പിന്‍റെ ചുമതയേറ്റെടുത്ത അദ്ദേഹം, കാലക്രമത്തില്‍ ഇന്ത്യന്‍ വ്യവസായ മേഖലയുടെ പൊന്‍താരകമായി മാറി. ഇന്ത്യയുടെ വികസന ചരിത്രം ടാറ്റയുടെ സംഭാവനയില്ലാതെ അപൂര്‍ണമാണ്. ഒരു രാഷ്ട്രത്തിന്‍റെ പുരോഗതിയില്‍ ഒരു വ്യവസായ കുടുംബം വഹിച്ച ക്രിയാത്മകമായ പങ്ക് ചരിത്രത്തില്‍ എന്നെന്നും നിലകൊള്ളും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭാരത രത്‌നം ലഭിച്ച ഏക ഇന്ത്യന്‍ വ്യവസായിയും അദ്ദേഹമാണ്. 2021 ല്‍ രത്തന്‍ ടാറ്റയ്ക്ക് ഭാരതരത്‌നം നല്‍കണമെന്ന പ്രചാരം ശക്തമായപ്പോള്‍ അത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം എന്ന് അദ്ദേഹം വിനയ പൂര്‍വ്വം അഭ്യര്‍ഥിക്കുന്ന കാഴ്‌ചയാണ് രാജ്യം കണ്ടത്.
ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു എന്നും ഇന്ത്യയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും സമൃദ്ധിക്കും മുതല്‍കൂട്ടാകാന്‍ കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നു എന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വ്യവസായ രംഗത്ത് നിലയുറപ്പിക്കുക എന്നാല്‍ ലാഭം മാത്രം നേടുക എന്ന എക്കാലത്തെയും രീതിക്ക് വിപരീതമായി രാജ്യത്തെ സ്വന്തം വ്യവസായ സാമ്രാജ്യത്തെ ഉപയോഗിച്ച് രാജ്യത്തിന്‍റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുക എന്നതായിരുന്നു രത്തന്‍ ടാറ്റയുടെ കാഴ്‌ചപ്പാട്.
ശാസ്ത്ര സാങ്കേതികം, ഗവേഷണം, ആരോഗ്യം, സാമൂഹിക സാമ്പത്തിക ശാസ്ത്രം തുടങ്ങിയ നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ടാറ്റ സ്ഥാപനങ്ങളിലൂടെ രത്തന്‍ ടാറ്റയ്ക്ക് കഴിഞ്ഞു. സാമൂഹിക കാഴ്‌ചപ്പാടുകള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന രീതിയിലാണ് രത്തന്‍ ടാറ്റ തന്‍റെ സ്ഥാപനങ്ങളെ പ്രവര്‍ത്തിപ്പിച്ചത്.
സാധാരണക്കാരന് ഒരു കാറെന്ന സ്വപ്‌നം ടാറ്റ നാനോയിലൂടെ സഫലമാക്കിയത് ഇതിനുദാഹരണമാണ്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ തുടക്കം ടാറ്റ മോട്ടോഴ്‌സിലൂടെ നടപ്പിലാക്കുക വഴി ഊര്‍ജ്ജ സംരക്ഷണം, പ്രകൃതി സംരക്ഷണം തുടങ്ങിയവ നടപ്പിലാക്കുന്നതിലും ടാറ്റ ഗ്രൂപ്പ് മാതൃകയായി.
സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് ആദ്യമായി നടപ്പാക്കിയ കമ്പനിയും ടാറ്റയാണ്. വരുമാനത്തിന്‍റെ 60 ശതമാനം സാമൂഹിക നന്മയ്ക്കായി ചെലവഴിക്കുമ്പോള്‍ അതിന്‍റെ വാര്‍ത്തയ്‌ക്കോ പ്രശസ്‌തിക്കോ വേണ്ടി അദ്ദേഹം ശ്രമിച്ചിരുന്നില്ല.
ഇന്ത്യയില്‍ ആദ്യമായി ഡേ കെയര്‍, പ്രസവാവധി, പ്രൊവിഡന്‍റ് ഫണ്ട് എന്നിവ നടപ്പാക്കിയത് അദ്ദേഹമായിരുന്നു. പല സര്‍ക്കാരുകളും പിന്നീട് ഇത് മാതൃകയാക്കുകയായിരുന്നു. തികഞ്ഞ സോഷ്യലിസ്‌റ്റ് കാഴ്‌ചപ്പാട് ഉണ്ടായിരുന്ന രത്തന്‍ ടാറ്റ, മുതലാളിത്ത സമൂഹത്തിന്‍റെ പണാധിപത്യത്തിന് വഴിപ്പെടാതെ മനുഷ്യത്വത്തിന്‍റെയും മാനവികതയുടെയും ആള്‍രൂപമായി നിലകൊണ്ടു. ഇന്ത്യയ്‌ക്ക് എന്നെന്നും അഭിമാനമായും അതിലുപരി അമൂല്യമായും രത്തന്‍ ടാറ്റയുടെ കര്‍മ്മവും ജീവിതവും നിലനില്‍ക്കുമെന്നും ചരമോപചാരത്തില്‍ സ്‌പീക്കര്‍ അനുസ്‌മരിച്ചു.
Also Read:വയനാടിന് സഹായം വൈകിപ്പിക്കുന്നു; കേന്ദ്ര നടപടിക്കെതിരെ നിയമസഭ പ്രമേയം പാസാക്കി