തിരുവനന്തപുരം:ഫുട്‌ബോള്‍, ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ അരങ്ങ് തകര്‍ക്കുന്ന കേരളത്തിലേക്ക് ഇനി കോളജ് വിദ്യാര്‍ഥികള്‍ക്കായി കായിക ലീഗ്. കോളജ് ലീഗ് എന്ന പേരില്‍ ആറുമാസം നീണ്ടു നില്‍ക്കുന്ന കായിക മേളയ്ക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്.
ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളീബാള്‍, കബഡി ഇനങ്ങളിലാണ് കോളജ് ലീഗ് തുടങ്ങുക. കോളജ് ലീഗിന്‍റെ ലോഗോ പ്രകാശനം മന്ത്രിമാരായ ഡോ. ആര്‍ ബിന്ദുവും വി അബ്‌ദുറഹിമാനും ചേര്‍ന്ന് നിര്‍വഹിച്ചു. സംസ്ഥാനത്തെ കോളജുകളെ നാല് മേഖലകളാക്കി തിരിച്ച് മൂന്ന് മുതല്‍ ആറുമാസം വരെ നീളുന്ന ലീഗാണ് തുടങ്ങുക. ഇതിനു മുന്നോടിയായി എല്ലാ കോളജുകളിലും സ്‌പോര്‍ട്‌സ് ക്ലബുകളെ ഏകോപിപ്പിക്കാന്‍ ജില്ലാ തല കമ്മിറ്റുകളുണ്ടാകും.
ജില്ലാതല കമ്മിറ്റിയില്‍ കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും കായിക സംഘടന പ്രതിനിധികളും മുന്‍ താരങ്ങളുമുണ്ടാകും. ജില്ല കമ്മിറ്റികള്‍ സംസ്ഥാനതല സാങ്കേതിക സമിതിക്ക് കീഴിലായിരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന തല ഭരണ സമിതിയായിരിക്കും ഭരണ നിര്‍വഹണ സമിതി. ഈ സമിതിയില്‍ കായിക, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും വൈസ് ചാന്‍സലര്‍മാരും ഉദ്യോഗസ്ഥരും ഉണ്ടാകും.
പ്രൊഫഷണല്‍ ലീഗുകളുടെ മാതൃകയില്‍ ഹോം ആന്‍റ് എവേ മത്സരങ്ങളാണ് നടക്കുക. ജില്ലാതല സമിതികളാണ് കോളജ് ലീഗിനുള്ള ടീമുകളെ തെരഞ്ഞെടുക്കുക. ആകെയുള്ള നാല് മേഖലകളില്‍ നിന്നും മുന്നിലെത്തുന്ന നാല് ടീമുകള്‍ സംസ്ഥാന ലീഗില്‍ മത്സരിക്കും. ഓരോ കായിക ഇനത്തിലും 16 ടീമുകള്‍ സംസ്ഥാനതല മത്സരത്തിനെത്തും.