പത്തനംതിട്ട : ചുട്ടിപ്പാറ നഴ്‌സിങ് കോളജിലെ വിദ്യാർഥിനി അമ്മു എസ് സജീവിൻ്റെ മരണത്തിൽ സഹപാഠികളായ മൂന്ന് വിദ്യാർഥിനികളെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. നാലാം വർഷ നഴ്‌സിങ് വിദ്യാർഥിനികളായ പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, കോട്ടയം ചങ്ങനാശേരി സ്വദേശിനി എ ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരെയാണ് ഇന്നലെ (നവംബര്‍ 21) വൈകുന്നേരത്തോടെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തും. അമ്മുവിൻ്റെ മരണം ആത്മഹത്യയല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരൻ അഖിൽ എസ് സജീവ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോൾ കസ്റ്റഡിയിലുള്ള സഹപാഠികൾ അമ്മുവിനെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നതായി കാട്ടി പിതാവ് സജീവ് നേരത്തെ കോളജ് പ്രിൻസിപ്പാളിന് പരാതി നൽകിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മൈഗ്രേൻ ഉൾപ്പടെയുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന അമ്മുവിനെ ഈ പെൺകുട്ടികള്‍ പല തരത്തിൽ ശല്യം ചെയ്‌തിരുന്നതായും, ഇതിനാൽ അമ്മുവിൻ്റെ ജീവന് തന്നെ ഭീഷണി ഉള്ളതായുമാണ് പിതാവ് സജീവ് പരാതിയിൽ പറഞ്ഞിരുന്നത്. വെള്ളിയാഴ്‌ച വൈകുന്നേരമാണ് അമ്മു ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുന്നതിലും വിദഗ്‌ധ ചികിത്സ നൽകുന്നതിലും ഹോസ്റ്റൽ, കോളജ് അധികൃതർ വീഴ്‌ച വരുത്തിയതായി കുടുംബം നേരത്തെതന്നെ ആരോപണം ഉന്നയിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ വിദഗ്‌ധ ചികിത്സ നൽകാതെ ഏറെ നേരം പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ കിടത്തിയതും ഓക്‌സിജൻ നല്‍കാന്‍ പോലും സൗകര്യമില്ലാത്ത ആംബുലൻസിൽ അമ്മുവിനെ കൊണ്ടുപോയതും 65 കിലോമീറ്റർ മാത്രം ദൂരമുള്ള കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാതെ 110 കിലോമീറ്ററിലധികം ദൂരമുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതുമെല്ലാമാണ് അമ്മുവിൻ്റെ ജീവൻ നഷ്‌ടമാകാൻ കാരണം എന്നാണ് കുടുംബത്തിൻ്റെ ആരോപണം.
ഹോസ്റ്റൽ, കോളജ് അധികൃതരുടെ നടപടികൾ ദുരൂഹമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം അമ്മുവിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത് കുടുംബത്തിൻ്റെ നിർദേശപ്രകാരമാണെന്ന വാദം സഹോദരൻ അഖിൽ തള്ളി. കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിൽ എതിർപ്പില്ലായിരുന്നെന്നും അഖിൽ പറഞ്ഞു. വിദ്യാർഥിനിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്.
അമ്മു എസ് സജീവിൻ്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ഇന്നലെ കോളജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാർച്ചിനിടെ പൊലീസുമായി സംഘർഷമുണ്ടായി. ഇതിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യസ ബന്ദിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്.