കാസർകോട്: നായന്മാർമൂല ആലംപാടി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ
ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. പാലിന്‍റെയും ഭക്ഷ്യവസ്‌തുക്കളുടെയും സാമ്പിളുകൾ ആരോഗ്യവകുപ്പ് ഇന്ന് ശേഖരിക്കും.
ജില്ലാ മെഡിക്കൽ ഓഫിസർ രാംദാസിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സ്‌കൂളിലെ പാൽ വിതരണം നിർത്തി വച്ചു. ആശുപത്രിയിൽ ചികിത്സയിൽ ഉള്ള വിദ്യാർഥികളിൽ ആരുടെയും നില ഗുരുതരമല്ല.
ഇന്നലെയാണ് ആലംപാടി സ്‌കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത്.
35 കുട്ടികള്‍ ഛർദ്ദി, വയറുവേദന എന്നിവയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. ഉടൻ തന്നെ ചികിത്സ തേടുകയും ചെയ്‌തു. 570 വിദ്യാർഥികൾ പാൽ കുടിച്ചതായാണ് സ്‌കൂൾ അധികൃതർ പറയുന്നത്.
ചൈത്ര ആശുപത്രിയിൽ 16 കുട്ടികളും ജനറൽ ആശുപത്രിയിൽ 19 കുട്ടികളുമാണ് ചികിത്സയിൽ ഉള്ളത്.
എട്ട് കുട്ടികളെ അവരെ വീട്ടിലേക്ക് അയച്ചു. ബാക്കിയുള്ള എല്ലാ കുട്ടികളെയും നിരീക്ഷണ വാർഡുകളിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥികളിൽ ആരുടെയും നില ഗുരുതരമല്ല. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും അടിയന്തര ഇടപെടൽ ആസൂത്രണം ചെയ്യുന്നതിനുമായി ജില്ലാതല ആർആർടി യോഗം ഉടൻ വിളിച്ചുചേർത്തു.
അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് നൽകുന്ന പാലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ആരോഗ്യ വിഭാഗത്തിന്‍റെ പ്രാഥമിക നിഗമനം.