തിരുവനന്തപുരം:മൂന്നാം മോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റില്‍ അന്ധ്ര പ്രദേശിനും ബിഹാറിനും വാരിക്കോരിക്കൊടുത്തപ്പോള്‍ കേരളത്തിന് കനത്ത നിരാശ. രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന് യാതൊരു തരത്തിലുമുള്ള പ്രതീക്ഷയ്‌ക്കും വകനല്‍കാത്ത ബജറ്റാണിതെന്നാണ് പൊതുവെ വിലയിരുത്തല്‍. എയിംസ് അടക്കം കേരളം നിരന്തരം ഉയര്‍ത്തുന്ന ആവശ്യങ്ങളോട് കേന്ദ്രം പൂര്‍ണമായും മുഖം തിരിച്ചു.
24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉള്‍പ്പെടെയായിരുന്നു സംസ്ഥാനം ആവശ്യപ്പെട്ടത്. വിഴിഞ്ഞമടക്കമുള്ള വിഷയങ്ങളില്‍ കേരളത്തിന് പ്രതീക്ഷയുണ്ടായിരുന്നു. റബ്ബറിന്‍റെ താങ്ങുവില 250 രൂപയാക്കി ഉയര്‍ത്തല്‍, സില്‍വര്‍ലൈന്‍ അനുമതി, കണ്ണൂരില്‍ അന്താരാഷ്‌ട്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്, വയനാട് തുരങ്കപാതയുടെ നിര്‍മാണത്തിന് സഹായം തുടങ്ങിയവയും കേരളത്തിന്‍റെ ആവശ്യങ്ങളായിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കേരളത്തിന്‍റെ പേരുപോലും പരാമര്‍ശിക്കപ്പെട്ടില്ല.
വിവിധ പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഇരയായ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചപ്പോഴും കേരളം പൂര്‍ണമായും തഴയപ്പെട്ടു. പ്രളയ ദുരിതം കൈകാര്യം ചെയ്യാന്നതിനായി അസമിനും ഹിമാചൽ പ്രദേശിനുമാണ് കേന്ദ്രം സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മേഘ വിസ്ഫോടനങ്ങൾ, ഉരുള്‍പ്പൊട്ടല്‍ എന്നിവ മൂലമുള്ള നാശനഷ്‌ടങ്ങള്‍ക്ക് ഉത്തരാഖണ്ഡിനും സിക്കിമിനും സമാനമായ പിന്തുണയും കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായി പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് മുമ്പും ഇപ്പോഴും വട്ടപ്പൂജ്യമാണ് ലഭിച്ചത്.