എറണാകുളം :കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിൽ അധികൃതർക്കും, പൊതുജനങ്ങൾക്കുമെതിരെ ഹൈക്കോടതിയുടെ വിമർശനം. മഴ വന്ന് ഉച്ചിയിൽ നിൽക്കുമ്പാഴാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന് അധികൃതരോട് ചോദിച്ച കോടതി, മാലിന്യം തള്ളുന്നതിൽ പൊതു ജനങ്ങളെയും കുറ്റപ്പെടുത്തി.
ടണ്‍ കണക്കിന് പ്ലാസ്‌റ്റിക് മാലിന്യങ്ങളാണ് കാനകളിൽ നിന്ന് നീക്കം ചെയ്യുന്നത്. കഴിഞ്ഞ തവണ കാനകൾ ശുചീകരിച്ചത് പോലെ ഇത്തവണയും ഉണ്ടാകുമെന്ന് കരുതി. ഇന്ന് മാലിന്യങ്ങൾ നീക്കം ചെയ്‌താൽ നാളെ അവ വീണ്ടും നിറയും. ജനങ്ങൾ ഇത് പോലെ ചെയ്‌താൽ എന്ത് ചെയ്യുമെന്ന് ചോദിച്ച കോടതി വെള്ളക്കെട്ട് ഒഴിവാക്കാൻ ജനങ്ങളും ഒപ്പം വേണമെന്ന് വ്യക്തമാക്കി.
ഇടപ്പള്ളി തോട് ശുചീകരിക്കുന്നതിൽ ജലസേചന വകുപ്പിന്‍റെ വീഴ്‌ചയാണ് കഴിഞ്ഞ ദിവസത്തെ ഇടപ്പള്ളിയിലെ വെള്ളക്കെട്ടിന് കാരണമെന്ന് അമിക്കസ്ക്യൂറി അറിയിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ ജലസേചന വകുപ്പിന് കോടതി നിർദേശം നൽകി.
പി ആൻഡ് ടി കോളനി വാസികളെ മാറ്റിപ്പാർപ്പിച്ച സർക്കാർ വക ഫ്ലാറ്റുകളിൽ ചോർച്ച ഉണ്ടായ സംഭവത്തിലും കോടതിയുടെ വിമർശനമുണ്ടായി .സംഭവം ദൗർഭാഗ്യകരമെന്നായരുന്നു ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം. ഇക്കഴിഞ്ഞ ജനുവരി 31-ന് മുണ്ടം വേലിയിൽ പി ആൻഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിച്ച ഫ്ലാറ്റുകളിലാണ് ചോർച്ച ഉണ്ടായത്.
ALSO READ:ഇത് സിനിമയല്ല, കണ്ണന്‍റെ ജീവിത കഥയാണ്; പതിനേഴാം വയസിൽ ആകാശ സ്വപ്‌നങ്ങൾ എത്തിപ്പിടിച്ച് പാലക്കാടുകാരൻ