എറണാകുളം:വണ്ടിപ്പെരിയാർ പോക്സോ കേസിൽ അപൂർവ നടപടി സ്വീകരിച്ച് ഹൈക്കോടതി. കോടതി വെറുതെ വിട്ട അര്‍ജുന്‍ നേരിട്ട് വിചാരണ കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 10 ദിവസത്തിനകം ഹാജരാകാനാണ് നിർദേശം.
ഹാജരായില്ലെങ്കിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹാജരായാൽ 50,000 രൂപയുടെ ബോണ്ടിൽ ജാമ്യം നൽകാമെന്നും ഹൈക്കോടതി നിർദേശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ അപ്പീൽ നൽകിയിരുന്നു. അപ്പീൽ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും അതിനാൽ അറസ്റ്റ് ചെയ്യണമെന്നുമുള്ള സർക്കാരിന്‍റെ ഹർജിയിലാണ് ഹൈക്കോടതി നടപടി.
2021 ജൂൺ 30 ന് ആണ് വണ്ടിപ്പെരിയാറിൽ അഞ്ച് വയസുള്ള പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അർജുൻ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസ് കണ്ടെത്തൽ.
വണ്ടിപ്പെരിയാർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് കട്ടപ്പന പോക്സോ കോടതിയിൽ വിചാരണ പൂർത്തിയാക്കുകയും പ്രതിയെ വെറുതെ വിടുകയും ചെയ്‌തിരുന്നു. കുറ്റവാളിയെ രക്ഷിക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് അന്വേഷണ ഏജൻസിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ഇരയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.
Also Read:കോതമംഗലത്തെ ആറ് വയസുകാരിയുടെ മരണം; കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, മാതാപിതാക്കൾ കസ്റ്റഡിയിൽ