എറണാകുളം: കാസർകോട് കോളജിലെ മുൻ പ്രിൻസിപ്പാൾ ഡോ രമയ്‌ക്കെതിരായ എല്ലാ അച്ചടക്ക നടപടിയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ക്യാമ്പസിലെ എസ്എഫ്ഐ വിദ്യാർഥികളുടെ ലഹരി ഉപയോഗം തുറന്നു പറഞ്ഞതിന്‍റെ പേരിലാണ് രമയ്‌ക്കെതിരെ സർക്കാർ അച്ചടക്ക നടപടികൾ സ്വീകരിച്ചത്. സംഭവത്തിൽ ബാഹ്യ ഇടപെടലുകൾ നടത്തിയ എസ്എഫ്ഐയെ കോടതി വിമർശിച്ചു.
രമയ്‌ക്കെതിരെ അച്ചടക്ക നടപടികളിൽ ബാഹ്യ ഇടപെടലും, നിക്ഷിപ്‌ത താത്‌പര്യവുമുണ്ടായിരുന്നുവെന്ന് വിലയിരുത്തിയ കോടതി എസ്എഫ്ഐയ്‌ക്കെതിരെ രൂക്ഷ വിമർശനവും നടത്തി. പ്രിൻസിപ്പാളിനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് ആരാഞ്ഞ കോടതി പ്രിൻസിപ്പാളിനെതിരായ സൈബർ ആക്രമണത്തിൽ ഒരു നടപടിയും ഉണ്ടായില്ലെന്നും കുറ്റപ്പെടുത്തി.
ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണ്. അച്ചടക്ക നടപടിയെടുത്ത് അതിനെ ഹനിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.