എറണാകുളം :കുറ്റം സമ്മതിച്ചതിന്‍റെ പേരിൽ പ്രതിയുടെ ശിക്ഷ കുറയ്ക്കാനാവില്ലെന്ന് ഹൈക്കോടതി. കുറ്റ കൃത്യത്തിന്‍റെ വ്യാപ്‌തിയും, ഇരയ്‌ക്കേറ്റ പരിക്കിനും സന്തുലിതമായി വേണം ശിക്ഷ വിധിക്കാനെന്നും കോടതി വ്യക്തമാക്കി. മാരകായുധമുപയോഗിച്ച് പരിക്കേൽപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയ കേസിൽ കുറ്റസമ്മതം നടത്തിയതിന്‍റെ പേരിൽ പ്രതിയായ മലപ്പുറം സ്വദേശിയുടെ ശിക്ഷ കുറച്ച കീഴ്‌ക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നത്.
കുറ്റസമ്മതം നടത്തിയെന്ന കാരണത്താൽ പ്രതിയ്ക്ക് ശിക്ഷയിൽ ഇളവ് നൽകാനാവില്ല. കുറ്റകൃത്യത്തിന്‍റെ വ്യാപ്‌തിയും ഇരയ്‌ക്കേറ്റ മുറിവുകളും തുലനം ചെയ്‌തു വേണം ശിക്ഷ വിധിക്കാനെന്നാണ് ജസ്റ്റിസ് പി സോമരാജന്‍റെ ഉത്തരവ്. കുറ്റം സമ്മതിച്ചതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയോട് മൃദു സമീപനം കാട്ടേണ്ടതില്ല. കൂടാതെ ഇളവുകളും അനുവദിക്കാൻ പാടുള്ളതല്ല, മറിച്ച് ശിക്ഷ എപ്പോഴും സന്തുലിതമായിരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.