എറണാകുളം: കെ. എസ്. ഐ. ഡി. സിയ്‌ക്കെതിരായ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് (SFIO) അന്വേഷണം തുടരാമെന്ന് ഹൈക്കോടതി (Kerala High Court Allows SFIO Investigation Against KSIDC). ഒന്നും ഒളിച്ചു വയ്ക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കെ.എസ്.ഐ.ഡി.സിയോട് കോടതി അറിയിച്ചു. എസ്.എഫ്.ഐ.ഒ അന്വേഷണം ചോദ്യം ചെയ്‌ത് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു.
ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഏപ്രിൽ അഞ്ചിലേക്ക് മാറ്റി. കെ.എസ്.ഐ.ഡി.സിയ്‌ക്കെതിരെ എസ്.എഫ്.ഐ.ഒ. നടത്തി വരുന്ന അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി കേന്ദ്ര സഹകരണ മന്ത്രാലയത്തെ അറിയിച്ചത്. കൂടാതെ ഉദ്ദേശ ശുദ്ധി വ്യക്തമാക്കണമെന്ന് കെ.എസ്.ഐ.ഡി.സിയോട് ആവശ്യപ്പെട്ട കോടതി അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്നും ഓർമ്മിപ്പിച്ചു. എസ്.എഫ്.ഐ.ഒയുടെ അന്വേഷണം വിശ്വാസ്യതയെ ബാധിക്കുമെന്ന് കെ.എസ്.ഐ.ഡി സി അറിയിച്ചപ്പോഴായിരുന്നു കോടതി ഇത്തരത്തിൽ മറുപടി നൽകിയത്.
സി.എം.ആർ.എല്ലിൽ നോമിനി ഡയറക്‌ടറെ നിയമിക്കുകയും സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്യുമ്പോൾ എന്തുകൊണ്ട് അന്വേഷണം നടത്തിക്കൂടാ എന്നായിരുന്നു കേന്ദ്രം ഹൈക്കോടതിയിൽ ചോദ്യമുന്നയിച്ചത്. എക്‌സലോജിക്, സി.എം.ആർ.എൽ, കെ.എസ്.ഐ.ഡി.സി എന്നിവയ്‌ക്കെതിരെയാണ് അന്വേഷണമെന്ന് കേന്ദ്രത്തിനു വേണ്ടി എ.എസ്.ജി ഹൈക്കോടതിയെ അറിയിച്ചു. സി.എം.ആർ.എല്ലിനെതിരായ ആദായ നികുതി വകുപ്പ് സെറ്റിൽമെന്‍റ് ബോർഡിന്‍റെ ഉത്തരവിറങ്ങിയപ്പോൾ ഇത് സംബന്ധിച്ച് കെ.എസ്.ഐ.ഡി.സി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.