മലപ്പുറം: തിരക്ക് നിയന്ത്രിക്കുന്നതിന് തമിഴ്‌നാട് സർക്കാർ നീലഗിരി ജില്ലാ പ്രവേശനത്തിന് ഏർപ്പെടുത്തിയ ഇ-പാസ് കാരണം ടൂറിസ്‌റ്റുകൾ ഊട്ടി യാത്ര ഒഴിവാക്കുന്നതായി വ‍്യാപാരികൾ. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഊട്ടിയിലേക്കുള്ള സഞ്ചാരികൾക്ക് തമിഴ്‌നാട് സർക്കാർ ഇ-പാസ് നിർബന്ധമാക്കിയത്. മേയ് 7 മുതലാണ് ഊട്ടിയിലേക്കുള്ള സഞ്ചാരികൾക്ക് ഇ-പാസ് നിർബന്ധമാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആദ്യം ജൂൺ 30 വരെയും പിന്നീട് സെപ്റ്റംബർ 30 വരെയും ഇ-പാസ് നീട്ടി. ഇപ്പോൾ കോടതിയുടെ നിർദേശ പ്രകാരം ഇ-പാസ് ഡിസംബർ 30 വരെ വീണ്ടും നീട്ടിയിരിക്കുകയാണ്. നീലഗിരി ജില്ലയുടെ പ്രവേശന കവാടങ്ങളിലെല്ലാം ഇ- പാസ് പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. ഇ-പാസില്ലാതെ വരുന്ന യാത്രക്കാർക്ക് നീലഗിരി അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്‌റ്റുകളിൽ ജീവനക്കാർ ഓൺലൈൻ വഴി പാസ് എടുത്തുനൽക്കുന്നുണ്ടെങ്കിലും അവധി ദിവസങ്ങളിൽ അതിർത്തിയിൽ വാഹനതിരക്ക് ഏറെയാണ്.
വഴിയിൽ ഗതാഗതതടസം നേരിടേണ്ടി വരുന്നതിനാൽ ഊട്ടിയിലേക്കുള്ള പല ടൂറിസ്‌റ്റുകളും മൈസൂർ, മുതുമല, ബന്ദിപ്പൂർ എന്നിവിടങ്ങളിലെ വിനോദസഞ്ചാരമേഖലകളിലേക്ക് റൂട്ട് മാറ്റുകയാണ്. ഇത് ഊട്ടി കേന്ദ്രീകരിച്ചുള്ള വ‍്യാപാരമേഖലയെ കാര‍്യമായി ബാധിച്ചതായി ഊട്ടിയിൽ 40 വർഷത്തോളമായി ഹോട്ടൽ ബിസിനസ് ചെയ്‌തു വരുന്ന മലയാളി അസോസിയേഷൻ പ്രസിഡന്‍റ് നിത‍്യസത‍്യൻ പറഞ്ഞു.
ഇ-പാസ് ഏർപ്പെടുത്തിയതോടെ സർക്കാരിന്‍റെ റിപ്പോർട്ട് പ്രകാരം 60 ശതമാനം സഞ്ചാരികളുടെ കുറവുണ്ടായതായി നിത‍്യസത‍്യൻ പറയുന്നു. ടൂറിസം മേഖല മാത്രമല്ല അനുബന്ധ മേഖലകളും വലിയ പ്രതിസന്ധിയിലായി. ലോഡ്‌ജുകൾ, ടൂറിസ്‌റ്റ് ഹോമുകൾ, ക്വാർട്ടേഴ്‌സുകൾ, ടാക്‌സി, ഓട്ടോ ടൂറിസം, ഗൈഡ് ട്രാവൽസ് തുടങ്ങിയവയെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ദക്ഷിണേന്ത‍്യയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ ഊട്ടിയിൽ വർഷത്തിൽ 35 ലക്ഷത്തോളം സഞ്ചാരികളാണ് എത്തിയിരുന്നത്. ഇ-പാസ് നിർബന്ധമാക്കിയതോടെ ഇത് 15 ലക്ഷത്തോളമായി ചുരുങ്ങി. പ്രതിസന്ധി രൂക്ഷമായതോടെ വ‍്യാപാരി സംഘടനകളും മറ്റ് മേഖലകളിലുള്ളവരും സംയുക്തമായി മുഖ‍്യമന്ത്രിയെ കണ്ട് ഇ-പാസ് സംവിധാനം ഒഴിവാക്കി കിട്ടാനുള്ള ശ്രമത്തിലാണ്. വിഷയത്തിൽ കോടതി ഇടപ്പെട്ടതിനാൽ സർക്കാരിന് എത്രകണ്ട് ഇടപെടൽ നടത്താനാവുമെന്ന് നിശ്ചയമില്ല.
വാഹനങ്ങളുടെ ആധിക‍്യം ഉണ്ടെങ്കിൽ അതിനുള്ള സൗകര‍്യം ഏർപ്പെടുത്തുകയാണ് വേണ്ടതെന്നാണ് വ‍്യാപാരികളുടെ പക്ഷം. രാജ‍്യത്തെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായ ഊട്ടിയിലേക്ക് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്താതെ റോഡുകളും പാർക്കിങ് സൗകര‍്യങ്ങളും ഉൾപ്പെടെ പശ്ചാത്തല സൗകര‍്യം മെച്ചപ്പെടുത്തി ഗതാഗത തടസം ഒഴിവാക്കാനാവുമെന്നാണ് മുഖ‍്യമന്ത്രിക്ക് നൽകാനുള്ള നിവേദനത്തിൽ വ‍്യാപാരി സംഘടനകൾ ചൂണ്ടികാണിക്കുന്നത്.
ഊട്ടിയിൽ ഏറ്റവും കൂടുതൽ ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്നത് മലയാളികളാണ്. റിസോർട്ടുകൾ ലീസിനെടുത്തും അതുപോലെ ഹോട്ടലുകൾ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്നത് മലയാളികളാണ്. ഇ-പാസ് നിർബന്ധമാക്കിയതോടെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് മലയാളികളാണ്.
Also Read: ഡിസംബറിലെ യാത്രകൾ അടിപൊളിയാക്കാം; കേരളത്തിലെ മികച്ച ശൈത്യകാല ടൂറിസ്റ്റ് ഡെസ്‌റ്റിനേഷനുകൾ ഇതാ