ന്യൂഡൽഹി: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും (സിഎപിഎഫ്) അസം റൈഫിൾസിലും (എആർ) ഒഴിഞ്ഞുകിടക്കുന്നത് ഒരു ലക്ഷത്തിലധികം തസ്തികകൾ. രാജ്യസഭയിലാണ് ഇതു സംബന്ധിച്ച കണക്ക് വന്നത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് കണക്ക് പുറത്തുവിട്ടത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം സെപ്റ്റംബർ 30 വരെ സിഎപിഎഫിലും അസം റൈഫിൾസിലുമായി മൊത്തം 9,48,204 ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ രണ്ട് വിഭാഗത്തിലായി 71,231 പുതിയ തസ്തികകള്‍ ഒഴിവുള്ളതായി മന്ത്രാലയത്തിൻ്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒഴിവുകൾ വേഗത്തിൽ നികത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും നിത്യാനന്ദ് റായ് രാജ്യസഭയിൽ പറഞ്ഞു.
വിരമിക്കൽ, രാജി, സ്ഥാനക്കയറ്റം, മരണം, പുതിയ തസ്തികകൾ തുടങ്ങിയ കാരണങ്ങളാലാണ് പുതിയ ഒഴിവുകള്‍ ഉണ്ടായിട്ടുള്ളത്. ഒക്ടോബർ 30 വരെയുള്ള കണക്കുകൾ പ്രകാരം സിആർപിഎഫിൽ 33,730, സിഐഎസ്എഫിൽ 31,782, ബിഎസ്എഫിൽ 12,808, ഐടിബിപി 9,861, എസ്എസ്ബിയിൽ 8,646, എആറിൽ 3,377 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യുപിഎസ്സി, എസ്എസ്സി പരീക്ഷകളിലൂടെ ഒഴിവുകൾ വേഗത്തിൽ നികത്താൻ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റിക്രൂട്ട്മെൻ്റ് വേഗത്തിലാക്കാൻ മെഡിക്കൽ പരിശോധനക്ക് എടുക്കുന്ന സമയം കുറക്കുക, കോൺസ്റ്റബിൾ-ജി.ഡി തസ്തികയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് കട്ട് ഓഫ് മാർക്ക് കുറയ്ക്കുക തുടങ്ങിയ നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേന്ദ്ര സായുധ പൊലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് സർക്കാർ അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ട്. സിഎപിഎഫ് ഉദ്യോഗസ്ഥർക്ക് വര്‍ഷത്തില്‍ 100 ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. 2020 ഒക്ടോബറിനും 2024 ഒക്ടോബറിനും ഇടയിൽ 42,797 സിഎപിഎഫ്, എആർ ഉദ്യോഗസ്ഥർ ഒരു വർഷത്തിൽ 100 ദിവസത്തെ അവധി എടുത്തിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.
രക്തസാക്ഷികളായ സിഎപിഎഫ്, എആർ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കിയിട്ടുള്ള അവകാശങ്ങള്‍ക്ക് പുറമെ കുടുംബത്തിന് 25 ലക്ഷം രൂപ സാമ്പത്തിക സഹായം ഭാരത് കെ വീർ പോർട്ടലിലൂടെ നല്‍കുന്നുണ്ടെന്നും നിത്യാനന്ദ് റായ് പറഞ്ഞു. ഇതിന് പുറമെ വിവാഹിതരായ രക്തസാക്ഷികളുടെ മാതാപിതാക്കൾക്ക് ഒരു ലക്ഷം രൂപ ധനസഹായവും, ഭാരത് കെ വീർ ട്രസ്റ്റിൽ നിന്ന് 10 ലക്ഷം രൂപയും നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭാരത് കെ വീർ പോർട്ടൽ 2017 ലും ഭാരത് കെ വീർ ട്രസ്റ്റ് 2018 ലുമാണ് ആരംഭിച്ചത്. ഇതുവരെ രക്തസാക്ഷികളുടെ 501 ആശ്രിതർക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി കൂട്ടിച്ചേർത്തു.
Read More: Also Read: താമസം സ്റ്റാർ ഹോട്ടലുകളിൽ, ദുരന്തനിവാരണ ഫണ്ടിലേക്ക് സമർപ്പിച്ചത് ലക്ഷക്കണക്കിന് രൂപയുടെ ബില്ലുകൾ; ദുരന്തം ആഘോഷമാക്കി ഉദ്യോഗസ്ഥര്‍