ചെന്നൈ: പുത്തന്‍ സിനിമകള്‍ ഇറങ്ങി മൂന്ന് ദിവസം വരെ സാമൂഹ്യമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച റിവ്യൂകൾ വരുന്നത് തടയണമെന്ന ആവശ്യം നിരാകരിച്ച് ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന നൽകിയ ഹർജിയിലാണ് നടപടി. അടുത്തിടെ പുറത്തിറങ്ങിയ സൂര്യയുടെ തമിഴ് ചിത്രം കങ്കുവയ്‌ക്കെതിരെ വന്ന റിവ്യൂകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
ചിത്രത്തെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ മോശം റിവ്യൂകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന കോടതിയെ സമീപിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ പുതിയ ചിത്രങ്ങളുടെ നിരൂപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചില മാനദണ്ഡങ്ങള്‍ പുറത്തിറക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ഇത്തരത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന നെഗറ്റീവ് നിരൂപണങ്ങള്‍ ചിത്രത്തിന് വലിയ തിരിച്ചടിയാകുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജസ്റ്റിസ് സൗന്ദറിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പരാതിക്കാര്‍ക്ക് വേണ്ടി അഭിഭാഷകനായ വിജയന്‍ സുബ്രഹ്മണ്യന്‍ ഹാജരായി. താരങ്ങളെക്കുറിച്ചും സംവിധായകനെക്കുറിച്ചും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന വാദത്തിൽ പൊലീസില്‍ അപകീര്‍ത്തിക്കേസ് നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.
വിമര്‍ശനം ആവിഷ്ക്കാര സ്വാതന്ത്ര്യമായതിനാല്‍ ഇതിനെതിരെ ഒരു പൊതു ഉത്തരവ് പുറപ്പെടുവിക്കാന്‍ ആകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. നല്ല നിരൂപണങ്ങളെ ചലച്ചിത്രലോകം സ്വാഗതം ചെയ്യാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ മോശം നിരൂപണങ്ങളെയും അതുപോലെ തന്നെ കാണണമെന്നും കോടതി പറഞ്ഞു. കേസില്‍ യുട്യൂബും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നാലാഴ്‌ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Also Read: ഗേറ്റ് റ്റു ഹെവൻ മുതല്‍ ലോസ്‌റ്റ് ഇൻ അർമേനിയ വരെ; IFFK കണ്‍ട്രി ഫോക്കസില്‍ അര്‍മേനിയക്ക് ആദരം