തിരുവനന്തപുരം :വയനാട് ചുരത്തിന് ബദലായി ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന വയനാട് തുരങ്കപാത നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി തിടുക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. ഉരുള്‍പൊട്ടല്‍ സൃഷ്‌ടിച്ച ഞെട്ടലില്‍ നിന്നും കേരളം മുക്തമാകും മുന്‍പാണ് ദുരന്ത ഭൂമിയുടെ ഉള്ളറകളെ കീറിമുറിച്ചു കൊണ്ട് മറ്റൊരു നിര്‍മ്മാണത്തിന് സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്ത സമയം തന്നെ വളരെ തന്ത്രപരമാണെന്ന് വിലയിരുത്തപ്പെടുന്നു.
നിയമസഭയില്‍ തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫ് അവതരിപ്പിച്ച സബ്‌മിഷന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് പകരം മന്ത്രി ആര്‍ ബിന്ദുവാണ് തുരങ്കപാത നിര്‍മാണവുമായി സജീവമായി മുന്നോട്ടു പോകുമെന്ന് നിയമസഭയെ അറിയിച്ചത്. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍വഹണ ഏജന്‍സി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെആര്‍സിഎല്‍) ആണ്. പദ്ധതിക്ക് 2043.75 കോടി രൂപയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തികാനുമതിയും നല്‍കിയിട്ടുണ്ട്.
ഈ പദ്ധതിക്കായി 17.263 ഹെക്‌ടര്‍ വനഭൂമി ഏറ്റെടുക്കുന്നതിനായുള്ള വനം വകുപ്പിന്‍റെ സ്റ്റേജ്-1 ക്ലിയറന്‍സ് 31-03-2023ന് ലഭ്യമായിട്ടുണ്ട്. സ്റ്റേജ്-2 ക്ലിയറന്‍സിനായി 17.263 ഹെക്‌ടര്‍ സ്വകാര്യഭൂമി വനഭൂമിയായി പരിപവര്‍ത്തനം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്‍റെ പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് റവന്യൂ വകുപ്പില്‍ ലഭിച്ചത് വയനാട് ഡിഎഫ്‌ഒ നല്‍കി പരിവേഷ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.