എറണാകുളം:ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള നടപടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്‌തത് 26 എഫ്‌ഐആറുകളാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതില്‍ 10 എണ്ണത്തില്‍ പ്രാഥമികാന്വേഷണം നടക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.
എട്ട് കേസുകളില്‍ മാത്രമാണ് പ്രതികളുടെ പേര് വിവരങ്ങള്‍ ഉള്ളത്. 18 എണ്ണത്തില്‍ ഇത്തരം വിവരങ്ങള്‍ ഒന്നും തന്നെയില്ല. കൂടാതെ, സിനിമാ മേഖലയിലെ നിയമനിർമ്മാണ കരട് തയ്യാറാണെന്നും സർക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, നിയമാനുസൃത അന്വേഷണവുമായി മുന്നോട്ടു പോകാൻ സർക്കാരിന് നിർദേശം നൽകിയ കോടതി ഹർജികൾ വീണ്ടും പരിഗണിക്കുന്നതിനായി നവംബർ ഏഴിലേക്ക് മാറ്റി.
അതിനിടെ ഹേമ കമ്മിറ്റി രൂപീകരണം ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ചില ചോദ്യങ്ങൾ ഉന്നയിച്ചു. ആറ് വര്‍ഷത്തിന് ശേഷം കമ്മിറ്റിയുടെ രൂപീകരണം ചോദ്യം ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനം എന്താണെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. കമ്മിറ്റിയുടെ രൂപീകരണത്തെയല്ല, കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് ഭരണഘടനാസാധുതയില്ലെന്നതാണ് പ്രശ്‌നമെന്ന് ഹര്‍ജിക്കാരൻ ചൂണ്ടിക്കാട്ടി.