എറണാകുളം: ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി മലയാള സിനിമ നിർമ്മാതാകളുടെ സംഘടന രംഗത്ത്. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സിനിമ മേഖലയുമായി ബന്ധപ്പെട്ട ഓൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കണമാവശ്യപ്പെട്ട് ഫെഫ്‌കയ്ക്ക് കത്തു നൽകി.
അക്രഡിറ്റേഷൻ ഉള്ള ഓൺലൈൻ മാധ്യമങ്ങൾക്ക് മാത്രമേ സിനിമ പ്രമോഷൻ പരിപാടികളിൽ ഉൾപ്പടെ പ്രവേശനം നൽകാവു എന്നതാണ് നിർമ്മാതാക്കളുടെ ആവശ്യം. ഓൺലൈ മാധ്യമങ്ങളെ നിയന്ത്രിക്കാനുളള ഏഴ് നിർദേശങ്ങളാണ് നിർമാതാക്കൾ മുന്നോട്ട് വയ്ക്കുന്നത്. സിനിമാ നിർമ്മാതാവുമായി ചേർന്ന് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള ഉദ്യം പോർട്ടലിൽ രജിസ്ട്രേഷൻ എടുക്കണം.
സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് നിർബന്ധമായും ജി എസ് ടി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ടാൻ നമ്പർ എന്നിവ ഉണ്ടായിരിക്കണം. സ്ഥാപനത്തിൻ്റെ ലോഗോ, ട്രെയ്‌ഡ് മാർക്ക് രജിസ്റ്റർ ചെയ്‌തിരിക്കണം. ( ആയത് ലഭ്യമാക്കാൻ 6 മാസംവരെ സമയം അനുവദിക്കുന്നതാണ്). സ്ഥാപനത്തിന്‍റെ പ്രവർത്തിക്കുന്ന വെബ്സൈറ്റിൻ്റെ വിശദവിവരം നൽകണം. സ്ഥാപനത്തിൻ്റെ പ്രവർത്തനം സംബന്ധിച്ച് വിശദമായ പ്രൊഫൈൽ നൽകേണ്ടതാണ്.
ഒന്നിൽ കൂടുതൽ ചാലനലുകൾ ഒരു കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആയതിൻ്റെ വിശദാംശങ്ങൾ ലഭ്യമാക്കണം. ഇത്രയും കര്യങ്ങൾ അടങ്ങിയ അപേക്ഷ ജൂലായ് 20-ാം തീയതിക്കുള്ളിൽ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഓഫീസിൽ സമർപ്പിക്കണമെന്നാണ് നിർദേശം.