തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ സമീപകാല സാമൂഹിക യാഥാര്‍ഥ്യമായ ജനസംഖ്യ ചുരുക്കത്തിൻ്റെ ഭാവി പ്രത്യാഘാതങ്ങള്‍ ആശങ്കയായി ബജറ്റില്‍ വരച്ചിടുകയാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൂട്ടുകുടുംബങ്ങള്‍ അണുകുടുബങ്ങളായി പരിണമിക്കുകയും അതിപ്പോള്‍ മാതാപിതാക്കള്‍ക്ക് ഏക മകനോ മകളോ എന്ന നിലയിലേക്കും എത്തിച്ചേര്‍ന്നതിൻ്റെ സാമൂഹിക അപകട മുന്നറിയിപ്പാണ് ബജറ്റില്‍ ധനമന്ത്രി പങ്കുവയ്ക്കുന്നത്. ജനസംഖ്യാ പരിണാമത്തിൻ്റെ സമകാലിക ഘട്ടം കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുന്നതിൻ്റെയും പ്രായമായവരുടെയും അനുപാതം വലിയ തോതില്‍ വര്‍ധിക്കുന്നതിൻ്റെയും വികസന പ്രത്യാഘാതങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇതോടൊപ്പം കേരളത്തില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള കുടിയേറ്റത്തെ ഭാവിയില്‍ എങ്ങനെ കാണേണ്ടി വരുമെന്ന പ്രശ്‌നവുമുണ്ടെന്ന് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. കണക്കുകളുടെ പിന്‍ബലത്തിലായിരുന്നു മന്ത്രി തൻ്റെ വാദം സമര്‍ഥിച്ചത്.
2024ല്‍ കേരളത്തില്‍ ജനിച്ചത് 3.48 ലക്ഷം കുട്ടികള്‍ മാത്രമായിരുന്നു. എന്നാല്‍ 10 വര്‍ഷം മുമ്പ് 2014ല്‍ ഇത് 5.34 ലക്ഷമായിരുന്നു. 20 വര്‍ഷം മുമ്പ് പ്രതിവര്‍ഷം ആറ് ലക്ഷത്തിന് മുകളില്‍ കുട്ടികള്‍ കേരളത്തില്‍ ജനിച്ചിരുന്നു. ആ സ്ഥാനത്താണ് ഈ വലിയ കുറവുണ്ടായിരിക്കുന്നത്.
ജനസംഖ്യാ പരിണാമവുമായി കൂട്ടിച്ചേര്‍ത്ത് വേണം കേരളത്തില്‍ നിന്നും പുറത്തേക്കുള്ള കുടിയേറ്റത്തെ കാണാന്‍. എല്ലാത്തരം കുടിയേറ്റത്തെയും കണ്ണുമടച്ച് പ്രോത്സാഹിപ്പിക്കുന്ന സമീപനം തിരുത്തേണ്ടതുണ്ട്. കേരളത്തില്‍ വിദഗ്‌ധ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ലഭിക്കുന്ന സാഹചര്യമുണ്ടായിട്ട് പോലും ഇത്തരം തൊഴിലാളികള്‍ക്ക് ക്ഷാമമാണ്.
അതേസമയം ഇതേ തൊഴിലാളികള്‍ കേരളത്തിന് പുറത്തും വിദേശത്തും ഒട്ടും അഭിലഷണീയമല്ലാത്ത സാഹചര്യങ്ങളില്‍പ്പെട്ട് പണിയെടുക്കുന്ന സ്ഥിതിയുണ്ട്. പ്രവാസം ഒട്ടേറെ പേര്‍ക്ക് വലിയ നഷ്‌ടക്കച്ചവടമായി തീരുന്ന അനുഭവമുണ്ട്.
വിദേശ തൊഴില്‍ കമ്പോളത്തെക്കുറിച്ച് ശരിയായ ധാരണയില്ലാതെയുള്ള കുടിയേറ്റമാണ് ഇതിന് കാരണം. വിദ്യാര്‍ഥികളുടെ കുടിയേറ്റത്തില്‍ പോലും ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനായി കരിയര്‍ ഗൈഡന്‍സ് സെൻ്ററുകളെ പങ്കെടുപ്പിച്ച് വിപുലമായ ബോധവത്കരണത്തിന് സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ഏറ്റവും ഉയര്‍ന്ന തോതില്‍ നഗരവത്കരണം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. നഗരങ്ങള്‍ക്ക് നാടിൻ്റെ വികസനത്തിൻ്റെ എഞ്ചിനാകാന്‍ കഴിയും. എന്നാല്‍ അതിവേഗ നഗരവത്കരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പരിഹരിച്ചില്ലെങ്കില്‍ നമ്മുടെ വികസന വണ്ടിയുടെ വഴിമുടക്കാനും നഗരങ്ങള്‍ക്ക് കഴിയുമെന്ന് മന്ത്രി ബജറ്റില്‍ പറഞ്ഞു.
Also Read:പുതിയ സ്‌കോളർഷിപ്പുകൾ, മികവിന്‍റെ കേന്ദ്രങ്ങൾ; വിദ്യാഭ്യാസ മേഖലയ്‌ക്ക് വാരിക്കോരി നൽകി സംസ്ഥാന ബജറ്റ്