കേരളം

kerala

ETV Bharat / state

കേരളത്തിലെ ചക്കയും കപ്പയും അമേരിക്കയിലേക്ക്; മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് തുടക്കമായി - PRODUCT EXPORTS FROM KERALA

മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങള്‍ സഹകരണ വകുപ്പിന്‍റെ നേതൃത്വത്തിൽ വിദേശത്തേക്കു കയറ്റി അയക്കുന്നതിന് തുടക്കമായി. ആദ്യ കണ്ടെയ്‌നര്‍ മന്ത്രി വി എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു. അമേരിക്കൻ വിപണിയില്‍ കേരളത്തിന്‍റെ ഉണക്കിയ ചക്കയും മരിച്ചീനിയും എത്തും.

EXPORTS FROM KERALA TO AMERICA  അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യും  മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങള്‍  സഹകരണ വകുപ്പ്
മന്ത്രി വി എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു (ETV Bharat)

By ETV Bharat Kerala Team

Published : Jun 26, 2024, 6:18 AM IST

എറണാകുളം: സഹകരണ വകുപ്പിന്‍റെ നേതൃത്വത്തിൽ വിദേശത്തേക്കു കയറ്റുമതി ചെയ്യുന്ന മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങളുടെ ആദ്യ കയറ്റുമതി മന്ത്രി വി എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ വച്ചായിരുന്നു ഫ്‌ളാഗ് ഓഫ്. ഇതോടെ സംസ്ഥാന സഹകരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങൾ അമേരിക്ക, യുറോപ്പ് എന്നിവടങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് തുടക്കമായി. വാരപ്പെട്ടിയുടെ ഉണക്കിയ ചക്കയും കാക്കൂരിലെ മരിച്ചീനിയും ഇനി അമേരിക്കൻ ഐക്യനാടുകളിലും രുചി പകരും.

വിദേശത്തേക്കു കയറ്റുമതി ചെയ്യാന്‍ മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങള്‍ നല്‍കാന്‍ പുതിയതായി നൂറോളം സഹകരണ സംഘങ്ങള്‍കൂടി രംഗത്തുവന്നതായി സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു. നിലവില്‍ ധാരണയായ 30 സഹകരണ സംഘങ്ങള്‍ക്കു പുറമെ ആണിതെന്നും മന്ത്രി വ്യക്തമാക്കി. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സഹകരണ വകുപ്പിന്‍റെ 12 ടണ്‍ വരുന്ന മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ ഫ്ളാഗ് ഓഫ് ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കാര്‍ഷിക മേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണു മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. അമേരിക്ക, യുറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കാര്‍ഷിക മേഖലയ്ക്ക് വന്‍ ഉണര്‍വാകുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്ന പുതിയ കാല്‍വയ്‌പാണിത്. വലിയ തോതില്‍ ഇത് വ്യാപിപ്പിക്കും. ധാരാളം തൊഴിലവസരങ്ങളും ഇതുവഴി സൃഷ്‌ടിക്കപ്പെടും. കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊച്ചിയില്‍ ഒരു ഓഫീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു വിദേശ രാജ്യങ്ങളില്‍ വിപണി കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് മുല്യവർധിത കാർഷിക ഉത്പന്നങ്ങൾ കയറ്റി അയക്കുന്നത്. ഗുണനിലവാരമുള്ള മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതിക്കായി തയ്യാറാക്കുന്നതിന് 30 സഹകരണ സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ മൂന്ന് സഹകരണ സംഘങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് ആദ്യമായി കയറ്റി അയച്ചത്. വാരപ്പെട്ടി സഹകരണ സംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക, കാക്കൂര്‍ സഹകരണ സംഘത്തിന്‍റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, തങ്കമണി സഹകരണ സംഘത്തിന്‍റെ തേയിലപ്പൊടി എന്നിവയാണ് ആദ്യമായി യുഎസ്എയിലേക്കു കയറ്റുമതി ചെയ്‌തത്.

ഏറമല സഹകരണ സംഘത്തിന്‍റെ തേങ്ങാപ്പാല്‍, മറയൂര്‍ ശര്‍ക്കര, മാങ്കുളം ഫാഷന്‍ ഫ്രൂട്ട്, അഞ്ചരക്കണ്ടി സഹകരണ സംഘത്തിന്‍റെ തേങ്ങാപ്പാല്‍, വെളിച്ചെണ്ണ, ആലങ്ങാടന്‍ ശര്‍ക്കര എന്നിവയും അടുത്ത ഘട്ടത്തില്‍ കയറ്റുമതി ചെയ്യും. ക്വാളിറ്റി കെയര്‍ ടെസ്‌റ്റ് വിജയിക്കുന്നതിന് അനുസരിച്ച് മറ്റ് സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യും. അടുത്ത മാസം 30 സഹകരണ സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാണു ലക്ഷ്യമിടുന്നത്. 25 വര്‍ഷമായി കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന കോതമംഗലം ആസ്ഥാനമായുള്ള മഠത്തില്‍ എക്‌സ്‌പോര്‍ട്ടേഴ്‌സാണ് ഉത്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ എത്തിക്കാനുള്ള ചുമതല വഹിക്കുന്നത്. കൂടുതല്‍ സഹകരണ സംഘങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുള്ള രണ്ടാമത്തെ ചരക്ക് ജൂലൈ ആദ്യവാരം കയറ്റി അയക്കും.

Also Read:വിലക്കയറ്റം നിയന്ത്രിക്കണം, ആറ് മാസത്തില്‍ സര്‍ക്കാര്‍ സംഭരിച്ചത് 71,000 ടണ്‍ ഉള്ളി; ലക്ഷ്യം 5 ലക്ഷം ടണ്‍

ABOUT THE AUTHOR

...view details