മലബാർ സീറ്റ് വിഷയത്തിൽ സർക്കാരിനെതിരെ വി ഡി സതീശൻ (ETV Bharat) തിരുവനന്തപുരം :മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ നിയമസഭയിൽ സർക്കാർ പ്രതിപക്ഷ വാക്‌പോര്. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം ഷംസുദ്ദീന്‍ എംഎൽഎ സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. മലബാർ മേഖലയിൽ ലഭ്യമായ സീറ്റുകളുടെയും അപേക്ഷകരുടെയും കണക്കുകൾ ജില്ല തിരിച്ച് വിശദീകരിച്ചായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നൽകിയത്.
തുടർന്ന് നോട്ടിസ് നൽകിയ എം ഷംസുദ്ദീന്‍ എം എൽ എ, മന്ത്രി അവതരിപ്പിച്ച കണക്കുകൾ തെറ്റാണെന്ന് വാദിച്ചു. ആവശ്യത്തിന് സീറ്റ് മലപ്പുറത്ത് ലഭ്യമാണെന്നും കഴിഞ്ഞ വർഷവും അഡ്‌മിഷൻ പൂർത്തിയായപ്പോൾ സീറ്റുകൾ ബാക്കി വന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞപ്പോൾ നിയമസഭയിൽ വസ്‌തുതാവിരുദ്ധ കണക്കുകൾ നിരത്തിയത് അവകാശലംഘന കുറ്റമാണെന്നും ഫുൾ എ പ്ലസ് കിട്ടിയ പല കുട്ടികൾക്കും ആദ്യ അലോട്ട്‌മെന്‍റില്‍ പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചിട്ടില്ലെന്നുമായിരുന്നു എം ഷംസുദ്ദീന്‍ എംഎൽഎ നൽകിയ മറുപടി.
ഉദ്യോഗസ്ഥർ മന്ത്രിയെ തെറ്റിധരിപ്പിച്ചിരിക്കുകയാണ്. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കണം. 150 അധിക ബാച്ചുകൾ വർധിപ്പിക്കണമെന്നായിരുന്നു കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട്. താത്കാലിക ബാച്ചുകൾ കൊടുക്കുന്നതല്ല പരിഹാരം. ഫുൾ എ പ്ലസ് നേടിയവർക്ക് പോലും അവർ ആഗ്രഹിക്കുന്ന സയൻസ് ബാച്ച് ലഭിക്കില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പത്തനംതിട്ടയിൽ ഒരു എ പ്ലസ് പോലും കിട്ടാത്ത കുട്ടിക്ക് ആഗ്രഹിക്കുന്ന സയൻസ് ബാച്ച് ലഭിക്കും.
കോടതിയിൽ ഒരു കുട്ടി പോലും പരാതിപ്പെട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്, നൂറോളം രക്ഷിതാക്കളാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. താലൂക്ക് തലത്തിൽ എത്ര കുട്ടികൾ പഠിക്കുന്നുണ്ടോ അത്രയും സീറ്റ് ലഭ്യമാക്കണമെന്നും ഷംസുദ്ദീന്‍ എംഎൽഎ പറഞ്ഞു. 17,000 സീറ്റ് ആദ്യ അലോട്ട്‌മെന്‍റിന് ശേഷവും ഒഴിഞ്ഞുകിടക്കുന്നുവെന്നായിരുന്നു മന്ത്രി ശിവൻകുട്ടി പറഞ്ഞത്.
സീറ്റ് ബാക്കി കിടക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് 30% സീറ്റ് വർധനവെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് കണക്കുകളും നടപടികളും യാഥാർഥ്യ വിരുദ്ധമാണെന്നും ആരോപിച്ചു. 30 ശതമാനം വർദ്ധനവ് വരുമ്പോഴും ഒരു ക്ലാസിൽ 75 കുട്ടികൾ ഇരിക്കേണ്ട അവസ്ഥയാണ് മലബാറിൽ. ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തിനകത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന വിദ്യാർഥികളുടെ ചിറകരിയുന്ന നടപടിയാണിതെന്നും പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. താലൂക്ക് തലത്തിൽ സീറ്റ് വിഭജനം നടത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
സർക്കാർ വിദ്യാഭ്യാസ മേഖലയെ പ്രധാന പരിഗണന വിഷയമാക്കണം. തീവ്ര വലതുപക്ഷ വ്യതിയാനമാണ് സർക്കാരിന്. പൊതുവിദ്യാഭ്യാസ യജ്ഞമായിരുന്നു ആദ്യ വർഷങ്ങളിൽ സർക്കാർ കൊട്ടിഘോഷിച്ചത്. ഇത്തവണ പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം 10,000 ത്തോളം കുറഞ്ഞു. ഓരോ വർഷവും കുറയുന്നു. അഡ്‌മിഷനും നല്ല സ്‌കൂളും കിട്ടുമെന്ന ഉറപ്പില്ലാത്തതിനാലാണ് സിബിഎസ്ഇയിലേക്ക് കുട്ടികൾ പോകുന്നത്. മലബാറിൽ നിന്നുള്ള ജനപ്രതിനിധികൾക്ക് ഇത് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read: ആദ്യ ദിനം സഭ അടിച്ചു പിരിഞ്ഞു, രണ്ടാം ബാർ കോഴയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു