ആലപ്പുഴ : കീം എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് കൈപ്പിടിയിലാക്കിയ ആലപ്പുഴ ചന്ദനക്കാവ് മന്ദാരത്തിൽ പി.ദേവാനന്ദിന് റാങ്ക് നേട്ടം പുത്തരിയല്ല. മത്സര പരീക്ഷകളിൽ പതിവായി പങ്കെടുക്കുന്ന ദേവാനന്ദ് കീമിൽ ആദ്യ പത്ത് റാങ്കിൽ ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, ഒന്നാം റാങ്ക് എന്ന വലിയ നേട്ടമുണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് ഫോണിൽ വിളിച്ച് നേട്ടം അറിയിച്ചത്.
എക്കണോമിക്‌സ് ആന്‍ഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഡിപാര്‍ട്ട്മെന്‍റില്‍ റിസേര്‍ച്ച് ഓഫിസറായ പത്‌മകുമാറിന്‍റെയും തടിയൂർ എൻഎസ്‌എസ് സ്‌കൂള്‍ പ്ലസ്‌ടു വിഭാഗം കെമിസ്ട്രി അധ്യാപിക പിആർ മഞ്ജുവിന്‍റെയും മൂത്ത മകനാണ് ദേവാനന്ദ്. അമ്മ മഞ്ജു 2001-ലെ കേരള സർവകലാശാല എംഎസ്‌സി കെമിസ്ട്രി ഒന്നാം റാങ്ക് ജേതാവാണ്. സഹോദരൻ പി ദേവനാഥ് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
ജെഇഇ മെയിൻ പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം, ജെഇഇ അഡ്വാൻസിൽ ഓൾ ഇന്ത്യ തലത്തിൽ ഉയർന്ന സ്കോർ, അമൃത എൻജിനീയറിങ് പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ ഒന്നാം റാങ്ക്, കുസാറ്റ് എൻട്രൻസിൽ പതിനാലാം റാങ്ക് തുടങ്ങിയവയാണ് ദേവാനന്ദിന്‍റെ മറ്റ് നേട്ടങ്ങൾ.