പത്തനംതിട്ട:എല്ലാ നന്മകളെയും ഉൾക്കൊള്ളുന്നതാണ് ഈ നാടിൻ്റെ പാരമ്പര്യം എന്നതിന് ഉത്തമ ഉദാഹരണമാണ് ഇടപ്പാറമലദേവർ നടയിലെ കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്‌ഠ. 1500ല്‍ അധികം വർഷത്തെ പഴക്കമുള്ള ഇടപ്പാറ മലദേവർ നടയിൻ ഉപപ്രതിഷ്‌ഠയായാണ് കായംകുളം കൊച്ചുണ്ണിയെ കുടിയിരുത്തിയിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി പഞ്ചായത്തിലാണ് കൗതുകം ജനിപ്പിക്കുന്ന ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഇടപ്പാറ മലയപ്പൂപ്പൻ്റെ ഉപദേവതകളിൽ പ്രധാന സ്ഥാനത്ത് മുസൽമാനായ കായംകുളം കൊച്ചുണ്ണിക്കും ഇരിപ്പിടം ഒരുക്കിയിരിക്കുന്നതിനാല്‍ തന്നെ മതസൗഹാർദ്ദത്തിൻ്റെ പ്രതീകമായി കൂടിയാണ് മലദേവർ നട അറിയപ്പെടുന്നത്. ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൻ്റെ പ്രധാന കാവൽക്കാരനും കിഴക്കേനടയുടെ കാവലാളുമാണ് ഇടപ്പാറ മലദേവൻ എന്നാണ് ഐതീഹ്യം. വിളിച്ചാൽ വിളിപ്പുറത്തുള്ള ഉഗ്ര മൂർത്തിയാണ് ഇടപ്പാറ മലദേവൻ എന്ന് ഭക്തർ സാക്ഷ്യപ്പെടുത്തുന്നു.
എല്ലാ മലനടകളിലും എന്നതുപോലെ ഇടപ്പാറ മലദേവർ നടയിലും കുറവർ വിഭാഗത്തിൽപ്പെട്ടവർക്കാണ് പ്രധാന പൂജാരിയുടെ 'ഊരാളി' സ്ഥാനം നല്‍കുന്നത്.
കാണാതായ വസ്‌തുക്കൾ കണ്ടെത്തുന്നതിനും മോഷണ മുതൽ തിരികെ ലഭിക്കുന്നതിനുമായി നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും ജാതിമതഭേദമന്യേ ഭക്തർ ഇടപ്പാറമലയിലെ കായംകുളം കൊച്ചുണ്ണിയുടെ നടയിലെത്തുന്നു. ചച്ചപ്പട്ടും മെഴുകുതിരിയും ചന്ദനത്തിരിയും മറ്റും സമർപ്പിച്ച് തൊഴുതാൽ ഫലം ഉറപ്പാണെന്നാണ് അനുഭവസ്ഥർ പറയുന്നത്.
കായംകുളത്തു നിന്നും 40 കിലോമീറ്ററില്‍ അധികം ദൂരത്തിൽ കൊച്ചുണ്ണി എങ്ങനെ ഈ ക്ഷേത്രപരിസരത്തെത്തി എന്നതിനു പിന്നിലും ഒരു ഐതീഹ്യമുണ്ട്. ഒരിക്കൽ തിരുവിതാംകൂർ മഹാരാജാവ് പ്രശസ്‌തനായ ഇടപ്പാറ ഊരാളിയെ കൊട്ടാരത്തിൽ വിളിപ്പിച്ച് പടയണി നടത്തി. തുടർന്ന് പട്ടും വളയും ധാരാളം സമ്മാനങ്ങളും നല്‍കി പറഞ്ഞയച്ചു.