കാസർകോട്: കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ പാഞ്ഞടുത്ത് നാട്ടുകാർ. പ്രതിയെ തെളിവെടുപ്പിനായി പൊലീസ് എത്തിക്കുമെന്ന് മനസിലാക്കി പ്രദേശത്ത് വൻ ജനകൂട്ടം തമ്പടിച്ചിരുന്നു. പ്രതി സലീമിനെ സ്ഥലത്ത് എത്തിച്ചതോടെ സ്‌ത്രീകൾ അടക്കമുള്ള പ്രദേശവാസികൾ പാഞ്ഞടുത്തു.
ഏറെ പണിപ്പെട്ടാണ് നാട്ടുകാരെ പൊലീസ് നിയന്ത്രിച്ചത്. ഇതിനിടയിൽ പ്രതിക്ക് നേരെ കയ്യേറ്റശ്രമവും ഉണ്ടായി. കുട്ടിയുടെ വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി വിവി ലതീഷിന്‍റെ നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹത്തോടെയാണ് പ്രതി പിഎ സലീമിനെ തെളിവെടുപ്പിന് എത്തിച്ചത്.