കാസർകോട്: മറ്റു പാർലമെന്‍റ് മണ്ഡലങ്ങളെ അപേക്ഷിച്ച് സ്ഥാനാർഥി ചിത്രം നേരത്തെ തെളിഞ്ഞ മണ്ഡലമാണ് കാസർകോട്. എൽഡിഎഫ് എം വി ബാലകൃഷ്‌ണനെയും എൻഡിഎ എം എൽ അശ്വിനിയേയും പ്രഖ്യാപിക്കുന്നതിനു മുന്നേ സിറ്റിങ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നു പ്രവർത്തകരും നേതാക്കളും ഉറപ്പിച്ചിരുന്നു.
പല സ്ഥലങ്ങളിലും ചുവരെഴുത്തും പ്രത്യക്ഷപ്പെട്ടിരുന്നു. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോഴും രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെ കാസർകോട് മണ്ഡലത്തിൽ രണ്ടാം തവണ കളത്തിൽ ഇറങ്ങും. രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞെങ്കിലും ഉണ്ണിത്താനിലൂടെ ഇടതു കോട്ടയെന്നു അറിയപ്പെടുന്ന കാസർകോട് മണ്ഡലത്തിൽ ഒരിക്കൽ കൂടി വിജയക്കൊടി പാറിക്കാം എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
കോൺഗ്രസിന്‍റെ കരുത്തുറ്റ നേതാവാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. മികച്ച പ്രാസംഗികൻ, ചലച്ചിത്ര താരം, രാഷ്ട്രീയ ചർച്ചകളിലെ സ്ഥിരം സാന്നിധ്യം. കാസർകോട് നിന്നാണ് പാർലമെന്‍റിലേക്ക് ജയിച്ചു കയറിയതെങ്കിലും കൊല്ലം ജില്ലയിലെ കിളികൊല്ലൂരാണ് രാജ്‌മോഹൻ ഉണ്ണിത്താന്‍റെ സ്വദേശം.
വിദ്യാർഥി കാലഘട്ടത്തിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡൻ്റായി രാഷ്ട്രീയ പ്രവേശനം. ഹിന്ദി സാഹിത്യത്തിൽ ബിരുദധാരിയായ ഉണ്ണിത്താൻ കേരള യൂണിവേഴ്‌സിറ്റി യൂണിയർ കൗൺസിലിൽ അംഗമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ കമ്മിറ്റി അംഗം, കെപിസിസി അംഗം, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വക്താവ്, സേവാദൾ ദേശീയ ഓർഗസൈനിങ് സെക്രട്ടറി, സംസ്ഥാന ചെയർമാൻ, ജയ്‌ഹിന്ദ് ടി വി ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.