കേരളം

kerala

ETV Bharat / state

തച്ചങ്ങാട്ട് ഉക്കാരന്‍ മുതല്‍ ആല്‍ബര്‍ട്ട് ആന്‍റണി വരെ; കപ്പലിൽ നിന്നും അപ്രത്യക്ഷമായവർ നിരവധി, കാസർകോടിന്‍റെ 'കണ്ണീര്‍ കടല്‍'

കപ്പലില്‍ നിന്ന് കാണാതായവരുടെ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ വിതുമ്പുകയാണ് കാസര്‍കോടിന്‍റെ ഹൃദയം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറെ മര്‍ച്ചന്‍റ് നേവിക്കാരുള്ള നാടിന് കടലില്‍ നഷ്‌ടമായതും നിരവധി പേരെ.

By ETV Bharat Kerala Team

Published : 5 hours ago

Etv Bharat
Kasaragod Natives Who are missing in Ships (Etv Bharat)

കാസർകോട് :ലോകത്തെവിടെയെങ്കിലും കപ്പൽ ദുരന്തം ഉണ്ടായാലോ കപ്പലിൽ നിന്നും ജീവനക്കാരെ കാണാതാകുകയോ ചെയ്‌താൽ കാസർകോട്ടുകാരുടെ നെഞ്ചിടിക്കും. മനസിലൂടെ പലരുടെയും ചിത്രങ്ങൾ മിന്നി മറയും. നാരായണൻ, അമൽ സുരേഷ്, നിഖിൽ, പ്രശാന്ത്, അമിത് കുമാർ, പ്രദീപ്‌ രാജ്... ഏറ്റവും ഒടുവിൽ ആൽബർട്ട് ആന്‍റണി. കപ്പലിൽ നിന്നും കാണാതായ കാസർകോട്ടുകാരുടെ പട്ടിക ഇനിയുമുണ്ട്.

എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ പലരുടെയും കുടുംബങ്ങൾ ഇപ്പോഴും കാത്തിരിക്കുന്നു. കാരണം അന്ത്യ ചുംബനം പോലും നൽകാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. കൗമാര കാലത്ത് അടിച്ചു പൊളിച്ച് നടക്കേണ്ട പ്രായത്തിൽ കപ്പലിൽ ജോലിക്ക് പോയവരും വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ പോയവരും ആദ്യമായി ജോലിക്ക് കയറിയവരും കാണാതായവരുടെ പട്ടികയിൽ ഉണ്ട്. ഓരോ മിസ്സിങ് കേസുകൾ പുറത്ത് വരുമ്പോഴും കാസർകോട്ടെ കപ്പൽ ജീവനക്കാരുടെ ഗ്രാമങ്ങൾ തേങ്ങുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മര്‍ച്ചന്‍റ് നേവി അധികൃതര്‍ നല്‍കുന്ന വിവരം അനുസരിച്ച് കേരളത്തിൽ കൂടുതൽ മർച്ചന്‍റ് നേവി ജീവനക്കാരുള്ള ജില്ലയാണ് കാസർകോട്. അതുകൊണ്ട് തന്നെ കപ്പലിൽ നിന്നും കാണാതായവരുടെ കഥകൾ നിരവധിയുണ്ട് ഈ നാടിന് പറയാൻ. കണക്കുകള്‍ പ്രകാരം ഒരുകാലത്ത് മംഗൽപ്പാടി, ഉദുമ പഞ്ചായത്തുകളിൽ ആയിരുന്നു കപ്പൽ ജീവനക്കാർ ഏറെയും. എന്നാൽ ഇന്ന് ജില്ലയുടെ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവരും ഈ ജോലിയില്‍ സാന്നധ്യമറിയിച്ചിട്ടുണ്ട്.

ഒരു കപ്പലിൽ നിന്ന് കാണാതായ നാവികൻ മരണപ്പെട്ടുവെന്ന് ആധികാരികമായി പ്രഖ്യാപിക്കാൻ ഏഴ് വർഷത്തെ കാത്തിരിപ്പ് വേണമെന്നാണ് മാരിടൈം നിയമം അനുശാസിക്കുന്നത്. എന്നാൽ ഏഴുവർഷം കഴിഞ്ഞിട്ടും തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന നിരവധി കുടുംബങ്ങൾ ഉണ്ട് ഇവിടെയെന്ന് കോട്ടിക്കുളം മർച്ചന്‍റ് നേവി ക്ലബ്‌ പ്രസിഡന്‍റ് പാലക്കുന്നിൽ കുട്ടി പറഞ്ഞു. കപ്പൽ ദുരന്തമുണ്ടായാലും റാഞ്ചിയാലും കപ്പലിൽ നിന്ന് ജീവനക്കാരെ കാണാതായാലും കാസർകോട് ജില്ലയിൽ നിന്നുള്ള ഒരാളെങ്കിലും ഉണ്ടാകും.

ഒടുവിൽ ആൽബർട്ട് ആന്‍റണി : ഏറ്റവും ഒടുവിൽ കപ്പലിൽ നിന്നും കാണാതായ ഇരുപത്തി രണ്ടുകാരനാണ് ആൽബർട്ട് ആന്‍റണി. ഒക്ടോബർ നാലിനാണ് ജോലി ചെയ്യുന്ന കപ്പലിൽ നിന്നും ആല്‍ബര്‍ട്ടിനെ കാണാതായത്. വരുന്ന ഡിസംബറിൽ വീട്ടിലേക്ക് വരാൻ ഇരിക്കെയായിരുന്നു മിസ്സിങ്. കോളബോ തീരത്ത് നിന്നും 300 നോട്ടിക്കൽ മൈൽ അകലെയാണ് കാണാതായത്.

ആൽബർട്ട് ആന്‍റണി (ETV Bharat)

കുവൈത്ത് കടൽ തീരത്ത് മുങ്ങിയ ഇറാനി ചരക്ക് കപ്പലിലെ ജീവനക്കാരനായിരുന്നു ഇരുപത്തിയാറുകാരനായ അമൽ സുരേഷ്. എട്ടു മാസം മുമ്പ് ജോലിക്ക് പോയി നാട്ടിലേക്ക് വരാൻ ഇരിക്കെയാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് കാണാതായത്. 2022 ഏപ്രിൽ 30 നാണ് കപ്പൽ ജോലിക്ക് ഇടയിൽ ഉദുമ സ്വദേശി കെ കെ പ്രശാന്തിനെ കാണാതായത്. 2022 ഏപ്രിൽ 24 ആയിരുന്നു ജോലിക്ക് കയറിയത്. നേരത്തെ കപ്പലിൽ ജീവനക്കാരനായി പരിചയം ഉണ്ടായിരുന്നു.

അമൽ സുരേഷ് (ETV Bharat)

ചെങ്കടലിൽ വച്ചാണ് തൃക്കണ്ണാട് സ്വദേശി അമിത് കുമാറിനെ കാണാതായത്. 2019 ൽ ആയിരുന്നു സംഭവം. ഇരുപത്തിയൊന്നുകാരനായ നിഖിലിനെ കാണാതായത് കന്നി യാത്രയ്ക്കിടെ ആയിരുന്നു. 2016 ഓഗസ്റ്റിൽ ആയിരുന്നു സംഭവം.

കെ കെ പ്രശാന്ത് (ETV Bharat)

1970കളിൽ ഷിപ്പിങ് കോർപ്പ റേഷൻ ഓഫ് ഇന്ത്യ (എസ്‌സിഐ)യുടെ ചന്ദ്രഗുപ്‌ത എന്ന ചരക്കുകപ്പൽ കടൽ ക്ഷോഭത്തിൽ പെട്ട് ആഴക്കടലിൽ മുങ്ങിപ്പോയത് 70 ജീവനും കൊണ്ടായിരുന്നു. ആ കപ്പലിൽ കാസർകോട് ജില്ലയിൽ നിന്ന് രണ്ടുപേർ ഉണ്ടായിരുന്നു. തച്ചങ്ങാട്ടെ ഉക്കാരനും ബേക്കലിലെ പദ്‌മനാഭനും. തൊണ്ണൂറുകളുടെ ആദ്യം ബാർബർ ഷിപ്പിങ് കമ്പനിയുടെ ബ്ലൂറിവർ എന്ന എണ്ണക്കപ്പൽ അപകടത്തിൽ പെട്ട് മുഴുവൻ ജീവനക്കാരും മുങ്ങിയപ്പോള്‍ കൂട്ടത്തില്‍ ഉദുമയിൽ നിന്നുള്ള പി കുട്ടിയനും ഉണ്ടായിരുന്നു.

അമിത് കുമാര്‍ (ETV Bharat)

അവരെല്ലാം കാണമറയത്ത് തന്നെ. കപ്പലിൽ നിന്ന് കാണാതായി മരണപ്പെട്ടെന്ന് വിധി എഴുതിയ കാസർകോടുകാർ ഇനിയും ഉണ്ട്. 2007 ഡിസംബർ 4ന് ഗൾഫിലേക്കുള്ള തുറമുഖം ലക്ഷ്യമിട്ട് യാത്രയിലായിരുന്ന നോർത്തേൺ മറൈൻ കമ്പനിയുടെ സ്റ്റെന്ന കമ്പാസർ എന്ന കപ്പലിൽ നിന്ന് കോട്ടിക്കുളത്തുകാരൻ ജി നാരായണനെ നട്ടുച്ച നേരത്താണ് കാണാതായതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അത്യാവശ്യ ജോലിക്കായി ഡെക്കിലേക്ക് പോയ നാരായണനെ പിന്നീട് കണ്ടവരാരുമില്ല.

നിഖില്‍ (ETV Bharat)

'മകനുവേണ്ടി ഞാൻ മുട്ടാത്ത വാതിൽ ഇല്ല' : 'എന്‍റെ മോന് എന്തു പറ്റി എന്ന് അറിയാനാണ് പത്തു വർഷത്തോളം ഞാൻ പിന്നാലെ നടന്നത്. ഒത്തിരി കടങ്ങൾ ഉണ്ടായി. എന്നാലും ഞാൻ പിന്നാലെ നടന്നു.' കപ്പലിൽ നിന്നും 2009ൽ കാണാതായ പ്രദീപ് രാജിന്‍റെ അമ്മ ചന്ദ്രാവതിയുടെ വാക്കുകൾ ആണിത്. പ്രദീപിന്‍റെ 26-ാം വയസിലാണ് ചന്ദ്രാവതിക്ക് മകനെ നഷ്‌ടമായത്. മകനെ കണ്ടുപിടിക്കാൻ രാജ്യം മുഴുവൻ സഹായം തേടി ഇവർ എത്തിയിരുന്നു.

പ്രദീപ് രാജ് (ETV Bharat)

പത്തു വർഷങ്ങൾക്ക് ശേഷമാണ് നഷ്‌ടപരിഹാരം വാങ്ങാൻ തയാറായത്. മുട്ടാത്ത വാതിലുകൾ ഇല്ല. കേന്ദ്ര മന്ത്രിയെ അടക്കം കണ്ടിരുന്നു. രാത്രിയും പകലും ഉറങ്ങാത്ത ദിവസങ്ങൾ ആയിരുന്നു കടന്നു പോയത്. ഇതുപോലുള്ള വാർത്തകൾ കേൾക്കുമ്പോള്‍ നെഞ്ചിൽ തീ ആണെന്നും ഈ അമ്മ പറയുന്നു.

ആദ്യം തെരച്ചിൽ കപ്പലിൽ : ജീവനക്കാരെ കാണാതായാൽ ആദ്യം കപ്പലിൽ തെരച്ചിൽ നടത്തും. ആളെ കണ്ടെത്താനായില്ലെങ്കിൽ വിവരം ക്യാപ്റ്റൻ കമ്പനിയെ അറിയിക്കും. കാണാതായ സഹപ്രവർത്തകനെ അവസാനമായി കണ്ട സമയം തിട്ടപ്പെടുത്തി ആ ഇടത്തേക്ക് കപ്പൽ പിന്നോക്കയാത്ര നടത്തുന്നതാണ് രീതി.

മുഴുവൻ ജീവനക്കാരും ഡെക്കിൽ വിവിധ ഇടങ്ങളിൽ, കാണാതായ സഹപ്രവർത്തകനെ കടലിൽ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിൽ ലുക്ക് ഔട്ട്‌ നടത്തും. സഹായം തേടാൻ സമീപത്തുള്ള കപ്പലുകളുടെയും പോർട്ട്‌ അതോറിറ്റിയുടെയും ശ്രദ്ധയിലേക്ക് എസ്‌ഒഎസ് സന്ദേശവും കപ്പലിൽ നിന്ന് അയക്കും. ഇതൊന്നു കൊണ്ടും ഫലം കണ്ടില്ലെങ്കിൽ കമ്പനിയിൽ നിന്നുള്ള നിർദേശമനുസരിച്ച് തെരച്ചിൽ മതിയാക്കി തുടർ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ആൾ കാണാതായി എന്ന ആധികാരിക വിവരം അയാളുടെ ബന്ധുക്കളെ അറിയിക്കും. കപ്പലിൽ നിന്ന് ഒരാൾ മിസ്സിങ് ആയാൽ ആ വിവരം 72 മണിക്കൂറിനകം അറിയിച്ചിരിക്കണമെന്നാണ് നിയമം.

മരണം സ്ഥിരീകരിക്കാൻ ഏഴ് വർഷത്തെ കാത്തിരിപ്പ് :കപ്പലിൽ നിന്ന് കാണാതായ നാവികൻ മരണപ്പെട്ടുവെന്ന് ആധികാരികമായി പ്രഖ്യാപിക്കാൻ ഏഴ് വർഷത്തെ കാത്തിരിപ്പ് വേണമെന്നാണ് മാരിടൈം നിയമം അനുശാസിക്കുന്നത്. മരണപ്പെട്ട വ്യക്തിയുടെ അനന്തരാവകാശിക്കുള്ള നഷ്‌ടപരിഹാരവുമായി ബന്ധപ്പെട്ട സാങ്കേതികത്വമാണ് ഈ എഴ് വർഷമെന്നത്. പക്ഷേ കാണാതായ നാവികൻ 'മരണപ്പെട്ടു' വെന്ന് ഉഭയ കക്ഷി സമ്മത പ്രകാരം 'സ്ഥിരീ കരിച്ചാൽ' നഷ്‌ടപരിഹാര തുക നൽകുന്നതാണ് രീതി.

വക്കീലും കോടതിയുമായി നീങ്ങിയാൽ തീരുമാനമാകാൻ നീണ്ട കാത്തിരിപ്പ് വേണ്ടിവരും. കപ്പലിൽ ജോലിക്ക് കയറും മുൻപ് ഒപ്പ് വയ്‌ക്കുന്ന കരാർ അനുസരിച്ചാണ് കപ്പലോട്ടക്കാരുടെ സേവന, വേതന വ്യവസ്ഥകൾ നടപ്പിലാക്കുന്നത്. ജോലിയിലിരിക്കെ മരണം, മിസ്സിങ് എന്നിവയ്ക്ക് ഒരു സാധാരണ കപ്പൽ ജീവനക്കാരന് സിബിഎ കരാർ പ്രകാരം ഒരു ലക്ഷം യുഎസ് ഡോളർ വരെയാണ് നിലവിലെ നഷ്‌ടപരിഹാര തുക. ഇന്ത്യൻ കമ്പനികളിൽ എൻഎംബി കരാറിൽ നഷ്‌ടപരിഹാരം ഇത്രയും വരില്ല.

ജീവനക്കാർക്ക് വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ല : കപ്പലിലെ വിവരങ്ങൾ പുറത്ത് വിടുന്നതിന് ജീവനക്കാർക്കും കർശന നിയന്ത്രണം ഉണ്ട്. ഓദ്യോഗിക വിവരങ്ങൾ മാത്രമാണ് അപകടത്തിനു ശേഷം ലഭിക്കുന്നത്. ക്യാപ്റ്റനിലൂടെ മാത്രമേ വിവരങ്ങൾ പുറത്ത് അറിയുകയുള്ളു.

Also Read: കപ്പലിൽ നിന്നും കാണാതായ മലയാളിക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചെന്ന് വിവരം; കുടുംബം ആശങ്കയിൽ

ABOUT THE AUTHOR

...view details